Friday, March 29, 2024
spot_img

ചിട്ടിക്ക് പിന്നിലെ ചരടുവലികൾ- പശ്ചിമ ബംഗാൾ ചിട്ടി തട്ടിപ്പ് കേസിലെ അണിയറക്കഥകൾ മറനീക്കുമ്പോൾ

ദേശിയ രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ട്ടിച്ചുക്കൊണ്ട് പശ്ചിമ ബംഗാളിലെ ചിട്ടി തട്ടിപ്പ് കേസ് നിർണ്ണായകമായ വഴിത്തിരിവിലേക്ക്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ചിട്ടി കേസ് ഉണ്ടാക്കാനിടയുള്ള പ്രതിഫലനങ്ങളായിരിക്കും രാഷ്ട്രീയത്തിൽ ഇനിയുള്ള മുഖ്യ ചർച്ചാവിഷയം. എന്താണ് ഇന്ത്യൻ രാഷ്ട്രീയത്തെ നടുക്കിയ ചിട്ടി തട്ടിപ്പ് കേസും അതിന് പിന്നിലെ ചരടുവലികളും.

പാവപെട്ട നിക്ഷേപകരെ നിർദ്ധനരാക്കിയ പ്രമാദമായ ചിട്ടി തട്ടിപ്പ് കേസാണ് ശാരദ ചിട്ടി കമ്പനിക്കെതിരെ ചുമത്തിയിരിക്കുന്നത്. പശ്ചിമ ബംഗാൾ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ഈ കമ്പനിയിൽ നിന്നും കോടികൾ കൈക്കൂലി കൈപറ്റിട്ടുണ്ടെന്നാണ് തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരെയുള്ള പ്രധാന ആരോപണം. തൃണമൂൽ കോൺഗ്രസിൻ്റെ രാജ്യസഭ എംപി കുനാൽ ഘോഷാണ് കമ്പനിയുടെ മാധ്യമ വിഭാഗത്തെ നിയന്ത്രിക്കുന്നതെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന പ്രധാന ആരോപണം. ഗ്രൂപ്പിൻ്റെ പ്രചാരണത്തിൻ്റെ ഭാഗമായുള്ള പ്രസിദ്ധീകരണങ്ങളില്ലാം തൃണമൂൽ കോൺഗ്രസിൻ്റെ മറ്റൊരു എംപി ശതാബ്‌ദി റോയിയുടെ ചിത്രങ്ങളും അച്ചടിച്ച് വന്നിരുന്നു. ഇതിന് പുറമെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കമ്പനിയുടെ വിവിധ ബ്രാഞ്ചുകൾ ഉദ്‌ഘാടനം ചെയ്തതായും ആരോപണങ്ങളുണ്ട്.

ആരംഭത്തിൽ തന്നെ നൂറു കോടിയോളം രൂപ നിക്ഷേപകരിൽ നിന്നും കൈപ്പറ്റുവാൻ കമ്പനിക്ക് സാധിച്ചു. നിക്ഷേപകരിൽ നിന്നും വിശ്വാസം ആർജ്‌ജിക്കുവാനായി പ്രമുഖ ഫുട്ബോൾ ക്ലബ്ബായ മോഹൻ ബഗാനിലും മറ്റു ബ്രാൻഡഡ് സ്‌ഥാപനങ്ങളിലും കമ്പനി നിക്ഷേപം നടത്തുകയുണ്ടായി. എന്നാൽ ചെക്കുകൾ മടങ്ങാൻ തുടങ്ങിയതോടെ ഉടമയായ സുദീപ്ത സെൻ ഒളിവിൽ പോയി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സുദീപ്ത സെന്നിനെയും അനുയായിയായ ഒരു സ്ത്രീയെയും ജമ്മു കാശ്മീരിൽ നിന്നും പോലീസ് പിടികൂടി.

എന്നാൽ ശാരദ കമ്പനിയുടെ തകർച്ചയുടെ തൊട്ടടുത്ത ദിവസം തന്നെ മറ്റൊരു പ്രമുഖ ചിട്ടി കമ്പനിയായ റോസ് വാലി ഗ്രൂപ്പിൻ്റെ ശ്രദ്ധേയമായ ഒരു പരസ്യം പത്രങ്ങളിൽ കാണാനിടയായി. ശാരദ ഗ്രൂപ്പിൻ്റെ തകർച്ചയിൽ നിക്ഷേപകർ ഭയപ്പെടരുതെന്നും നിങ്ങളുടെ സമ്പാദ്യം റോസ് വാലിയിൽ സുരക്ഷിതമാണെന്നുമായിരുന്നു പരസ്യത്തിൻ്റെ ഉള്ളടക്കം. എന്നാൽ എൻഫോഴ്‌സ്‌മെന്റ് ഡിറക്ടറേറ്റിൻ്റെ റിപ്പോർട്ട് പ്രകാരം ഏകദേശം പതിനയ്യായിരം കോടിയുടെ നിക്ഷേപ തട്ടിപ്പാണ് റോസ് വാലി കമ്പനി നടത്തിയിരിക്കുന്നത്. കമ്പനി ഉടമ ഗൗതം ഗുണ്ട് ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

പ്രത്യേക അന്വേഷണ വിഭാഗത്തിൻ്റെ ചുമതലയുള്ള രാജീവ് കുമാറായിരുന്നു കേസ് തുടക്കത്തിൽ അന്വേഷിച്ചിരുന്നത്. എന്നാൽ കേസിലെ നിർണായകമായ രേഖകൾ കാണാതായതിനെ തുടർന്ന് സുപ്രീം കോടതി അന്വേഷണ ചുമതല സിബിഐക്ക് കൈമാറുകയായിരുന്നു. ഭരണഘടനയെ സംരക്ഷിക്കാനെന്ന പേരിൽ മമതാ ബാനർജി നടത്തുന്ന നിരാഹാര സമരം തൻ്റെ അണികളെ വെള്ളപൂശാനുള്ള രാഷ്ട്രീയ നാടകമാണോ എന്നുമുള്ള നിരീക്ഷണം നിലനിൽക്കുന്നു.

Related Articles

Latest Articles