Friday, March 29, 2024
spot_img

വന്ദേഭാരത് മിഷന്‍ അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമം; കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതിനെതിരെ ബിജെപി

തിരുവനന്തപുരം : വിദേശ രാജ്യങ്ങളില്‍ ദുരിതം അനുഭവിക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ വിജയകരമായി നടപ്പിലാക്കി കൊണ്ടിരിക്കുന്ന വന്ദേഭാരത് മിഷന്‍ അട്ടിമറിക്കാനുള്ള നീക്കമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.

വിദേശത്തു നിന്ന് വരുന്ന എല്ലാവര്‍ക്കും കോവിഡ് പരിശോധന നിര്‍ബന്ധമാക്കി കൊണ്ടുള്ള മന്ത്രിസഭയുടെ തീരുമാനം പ്രവാസികളോടുള്ള കടുത്ത ക്രൂരതയാണെന്ന് കെ.സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.

കേരളത്തിലേക്കുള്ള എല്ലാ വിമാനങ്ങളിലും വരുന്ന പ്രവാസികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന തീരുമാനം അംഗീകരിക്കാനാകില്ല.വിദേശ രാജ്യങ്ങളിലെ നിലവിലെ സ്ഥിതി മുഖ്യമന്ത്രിക്കുള്‍പ്പടെ എല്ലാവര്‍ക്കും അറിയുന്നതാണ്. അവിടെ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് പരിശോധന നടത്താനാകില്ല.

എംബസ്സികളുമായി ബന്ധപ്പെട്ട് പരിശോധന നടത്തുന്നതും പ്രായോഗികമല്ല. അതിനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിന് കാലതാമസം വരും.കേരളത്തിലേക്ക് വരാന്‍ തയ്യാറെടുക്കുന്ന മലയാളികളുടെ യാത്ര മുടക്കാനേ ഈ തീരുമാനം ഉപകരിക്കു എന്ന് സുരേന്ദ്രന്‍ പറഞ്ഞു.

പ്രവാസികളെ വിദേശ രാജ്യങ്ങളില്‍ നിന്ന് കൊണ്ടുവരാന്‍ വിമാനത്തില്‍ കയറ്റണമെങ്കില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന തീരുമാനം പിന്‍വലിക്കണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Related Articles

Latest Articles