Friday, March 29, 2024
spot_img

സർക്കാരിന്റെ ശ്രമമെല്ലാം പാഴായി! ഗവര്‍ണര്‍ ഒപ്പിട്ടില്ല; 11 ഓര്‍ഡിനന്‍സുകള്‍ അസാധുവായി

തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ഉൾപ്പെടെ 11 ഓര്‍ഡിനന്‍സുകള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിടാത്ത സാഹചര്യത്തില്‍ അസാധുവായി. ഇന്നലെ രാത്രി 12 മണി വരെയായിരുന്നു ഓര്‍ഡിനന്‍സുകള്‍ക്ക് നിയമസാധുത ഉണ്ടായിരിക്കുന്നത്. ഇവ റദ്ദായതോടെ ഓര്‍ഡിനന്‍സുകള്‍ വരുന്നതിന് മുന്‍പുള്ള നിയമം നിലനില്‍ക്കും. റദ്ദാക്കപ്പെടുന്നവയില്‍ ഏഴു പ്രാവശ്യം വരെ പുതുക്കിയ ഓർഡിനൻസുകളുമുണ്ട്.

ഓര്‍ഡിനന്‍സില്‍ ഒപ്പിടുവിക്കുന്നതിന് വേണ്ടി ഗവര്‍ണറെ രാജ്ഭവന്‍ വഴിയും നേരിട്ടും അനുനയിപ്പിക്കാനുള്ള ശ്രമങ്ങളെല്ലാം സർക്കാർ നടത്തിയിരുന്നു. അനുനയ നീക്കത്തിന്റെ ഭാഗമായി വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണര്‍ക്കുള്ള അധികാരം വെട്ടിക്കുറക്കുന്ന ഓര്‍ഡിനന്‍സ് ഉടന്‍ കൊണ്ടുവരില്ലെന്നാണ് സൂചനകൾ. അസാധുവായ ഓര്‍ഡിനന്‍സുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടാല്‍ ‘സേവിങ് ക്ലോസ്’ അനുസരിച്ച് മുന്‍കാല പ്രാബല്യം ലഭിക്കും. അസാധുവായ ശേഷമുള്ള ദിവസങ്ങളില്‍ ഈ നിയമം നിലനിന്നതായി കണക്കാക്കണം എന്നതാണ് ‘സേവിങ് ക്ലോസ്’.

സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സുകളില്‍ കണ്ണും പൂട്ടി ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ ഇന്നലെ രാവിലെ തന്നെ വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച അദ്ദേഹം ഓര്‍ഡിനന്‍സ് ഭരണം നല്ലതല്ല എന്ന താക്കീതും നൽകിയിരുന്നു.

Related Articles

Latest Articles