ജപ്പാനിലെ നയോതേ നഗരത്തിൽ നടന്ന അന്താരാഷ്ട്ര മഞ്ഞുശിൽപ്പ മത്സരത്തിൽ ചരിത്രം കുറിച്ച് ഇന്ത്യയിൽ നിന്നുള്ള മൂന്ന് ഗ്രാമീണകലാകാരന്മാർ. എട്ടുരാജ്യങ്ങളിൽ നിന്നുള്ള പതിനൊന്നു ടീമുകളെ പിന്നിലാക്കി ഇവർ മഞ്ഞിൽ തീർത്ത വരാഹമൂർത്തി ശിൽപ്പത്തിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ജപ്പാനിൽ ശൈത്യകാലത്ത് നടക്കുന്ന ഈ ശിൽപ്പമത്സരത്തിൽ ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ സംഘം മത്സരിക്കുന്നത്.

എന്നാൽ രവി പ്രകാശ്, സുനിൽ കുമാർ, രജനീഷ് വർമ്മ എന്നീ കലാകാരന്മാരുടെ വിജയത്തിന് തിളക്കം കൂട്ടുന്നത് അവരുടെ കഠിനാധ്വാനമാണ്.അന്യ രാജ്യങ്ങളിൽ നിന്നുള്ള ടീമുകളിൽ നിന്ന് വ്യത്യസ്തമായി സർക്കാരിന്റെയോ മറ്റ് സ്ഥാപനങ്ങളുടെയോ സ്പോൺസർഷിപ്പും സഹായവുമില്ലാതെയാണ്, ഗ്രാമീണ മേഖലയിൽ നിന്നുള്ള ഈ യുവാക്കൾ മത്സരിക്കാനെത്തിയത്.

നാല് മീറ്റർ പൊക്കവും മൂന്നു മീറ്റർ വീതം വീതിയും നീളവുമുള്ള വരാഹമൂർത്തിയെയാണ് ഇവർ മഞ്ഞിൽ നിന്നും കൊത്തിയെടുത്തത്. മൈനസ് താപനിലയിൽ ശൈത്യക്കാറ്റിനെയും അതിജീവിച്ചാണ് ഇവർ ഈ ദൗത്യം പൂർത്തീകരിച്ചത്. ഇത് സംഘാടകരുടെ മുക്തകണ്ഠം പ്രശംസ നേടുകയും ചെയ്തു. ബീഹാർ, ഉത്തർപ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് യുവാക്കൾ.

സാമ്പത്തിക പ്രശ്നം കാരണം മത്സരത്തിൽ പങ്കെടുക്കുന്നത് ഒഴിവാക്കാൻ തീരുമാനിച്ചതിന്റെ പിന്നാലെ ഡൽഹിയിലുള്ള ഒരു എൻ ജി ഓ യാത്രാചിലവ് വഹിക്കാൻ തയ്യാറായതാണ് ഇവർക്ക് അവസാന നിമിഷം തുണയായത്.