Thursday, April 18, 2024
spot_img

മമതയെ കളിയാക്കുന്ന കാർട്ടൂൺ പ്രചരിപ്പിച്ചു ;11 വർഷമായി കേസിൽ കുരുങ്ങി അദ്ധ്യാപകൻ; ഒടുവിൽ അർഹിച്ച നീതി

കൊൽക്കത്ത : പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ കളിയാക്കുന്ന തരത്തിലുള്ള കാർട്ടൂൺ പങ്കുവച്ചതിന് ക്രിമിനൽ കേസ് ചുമത്തപ്പെട്ട സർവകലാശാല അദ്ധ്യാപകനനെ ഒടുവിൽ കേസിൽ നിന്ന് സ്വതന്ത്രനാക്കി. 11 വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ജാദവ്പൂർ യൂണിവേഴ്‌സിറ്റിയിലെ കെമിസ്ട്രി പ്രൊഫസർ അംബികേഷ് മഹാപത്ര തനിക്കർഹിച്ച നീതി നേടിയെടുത്തത്.

2012 ഏപ്രിൽ 12നായിരുന്നു കേസിനാസ്പദമായ സംഭവത്തിന് മഹാപത്രയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നത്. അദ്ദേഹത്തിനൊപ്പം കാർട്ടൂൺ പങ്കുവച്ച മറ്റൊരാളും കേസിൽ അറസ്റ്റിലായി. എന്നാൽ വിചാരണ അവസാനിക്കുന്നതിന് മുമ്പ് 2019ൽ 80-ാം വയസിൽ ഇയാൾ മരിച്ചു. ഇരുവർക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു.

കേസ് രജിസ്റ്റർ ചെയ്ത് 11 വർഷത്തിന് ശേഷം കേസ് വീണ്ടും പരിഗണിച്ച ആലിപൂർ ജില്ലാ കോടതി കീഴ്‌ക്കോടതിയുടെ ഉത്തരവ് റദ്ദാക്കുകയായിരുന്നു. മഹാപത്രയ്‌ക്കെതിരായ ക്രിമിനൽ കേസ് പിൻവലിക്കണമെന്ന് ജില്ലാ കോടതി നിർദേശിച്ചു. സർക്കാരിനെതിരെ ഉയരുന്ന വിമർശനങ്ങളെ നിശബ്ദമാക്കാൻ പാർട്ടി ഗുണ്ടകളും പോലീസും ബംഗാൾ സർക്കാരും ചേർന്ന് ഗൂഢാലോചന നടത്തിയതായി അദ്ദേഹം പറഞ്ഞു.

ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും മുകുൾ റോയും ഉൾപ്പെടുന്ന ഒരു കാർട്ടൂൺ ചിത്രം ഇ-മെയിൽ മുഖേന പങ്കുവച്ചുവെന്നാരോപിച്ച് ഐടി ആക്ട് പ്രകാരമായിരുന്നു 2012ൽ മഹാപത്രയ്‌ക്കെതിരെ കേസെടുത്തത്.

Related Articles

Latest Articles