Saturday, April 20, 2024
spot_img

ഇറാൻ വനിതകൾക്ക് ഐക്യദാർഢ്യവുമായി കഴുത്തിൽ കുരുക്കണിഞ്ഞ് മോഡൽ !

ലോകം മുഴുവൻ ശ്രദ്ധിക്കുന്ന ഗ്ലാമർ വേദിയായ കാൻ ഫിലിം ഫെസ്റ്റിവലിൽ ഇസ്‌ലാമിക ഭരണകൂടത്തിനെതിരെ പ്രതിഷേധാഗ്നി പടർത്തി ഇറാൻ മോഡൽ. ഇറാനിയൻ മോഡലായ മഹ്ലാ​ഗ ജബേരിയാണ് ഇസ്ലാമിസ്റ്റുകൾക്കെതിരെ കടുത്ത സ്വാതന്ത്ര്യ സമര പോരാട്ടം നടത്തുന്ന ഇറാൻ വനിതകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. തന്റെ വസ്ത്രത്തിലൂടെയാണ് ജബേരി പ്രതിഷേധം അറിയിച്ചത്. കറുപ്പു നിറത്തിലുള്ള ​ഗൗൺ ധരിച്ചാണ് മഹ്ലാ​ഗ റെഡ് കാർപെറ്റിൽ ചുവടുവച്ചത്. വസ്ത്രത്തിനൊപ്പം കഴുത്തിന്റെ ഭാ​ഗത്തുള്ള കുരുക്കിന്റെ രൂപത്തിലുള്ള ഡിസൈനാണ് ജബേരിയുടെ ലുക്ക് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കിയത്. ബീജ് നിറത്തിലുള്ള കുരുക്കാണ് വസ്ത്രത്തോട് ചേർത്തു ഡ‍ിസൈൻ ചെയ്തിരിക്കുന്നത്. ഒറ്റനോട്ടത്തിൽ കഴുത്തിൽ കുരുക്കിട്ടതാണെന്ന തോന്നലാണ് ഉണ്ടാവുക. ഇത്തരമൊരു ഡിസൈൻ അവതരിപ്പിച്ചതിന് പിന്നിലും മഹ്ലാ​ഗയ്ക്ക് കൃത്യമായ ലക്ഷ്യമുണ്ട്. മറ്റൊന്നുമല്ല ഇറാനിലെ കടുത്ത മത നിയമങ്ങളെ പിന്തുണയ്ക്കുന്ന യാഥാസ്ഥികരുടെ മുഖത്ത് നല്ലൊരടി കൊടുത്തിരിക്കുകയാണ് ഇറാനിയൻ മോഡൽ മഹ്ലാ​ഗ ജാബേരി.

ശരിയായി ഹിജാബ് ധരിക്കാത്തതിന‍് ഇറാനിൽ സദാചാര പോലീസ് അറസ്റ്റു ചെയ്ത മഹ്സ കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടതിനു പിന്നാലെയാണ് ഇറാനിലെ തെരുവുകളിൽ പ്രതിഷേധം ശക്തിപ്പെടുന്നത്. ഇറാനിലെ ജനങ്ങൾക്ക് സമർപ്പിക്കുന്നു എന്ന ക്യാപ്ഷനോടെയാണ് മഹ്ലാ​ഗ കാൻ ലുക്കിന്റെ ചിത്രങ്ങളും വീഡിയോയും ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. സ്റ്റോപ്പ് എക്സിക്യുഷൻസ് ഇറാൻ എന്ന ഹാഷ് ടാഗിൽ പോസ്റ്റ് ചെയ്ത ചിത്രം ഇപ്പോൾ വൈറലാവുകയാണ്. ഇറാനിൽ അടുത്ത കാലത്ത് നടപ്പിലാക്കിയ ചില വധ ശിക്ഷകളെ കുറിച്ചും, രാഷ്ട്രീയ നിരീക്ഷകർക്ക് നേരെ ഉണ്ടായ അതിക്രമങ്ങളെ കുറിച്ചും ആഗോള തലത്തിൽ തന്നെ പുതിയൊരു അവബോധം ഉണർത്താൻ ജബേരിയുടെ ചിത്രങ്ങൾക്കായിട്ടുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്. പോസ്റ്റ് ചെയ്ത് 16 മണിക്കൂറുകൾക്കകം 1 ലക്ഷത്തിലധികം ലൈക്കുകൾ നേടിയ പോസ്റ്റിനു താഴെ ജബേരിയെ അഭിനന്ദിച്ചുകൊണ്ടുള്ള കമന്റുകളും ധാരാളമായി വരുന്നുണ്ട്.

സ്ത്രീകൾ ഹിജാബ് കൊണ്ട് കൃത്യമായി മുടി മറക്കാതിരിക്കുന്നതോ ഇറുകിയ വസ്ത്രം ധരിക്കുന്നതോ ഒക്കെ ഇറാനിൽ കുറ്റകരമാണ്. ഇവ നിരീക്ഷിക്കാൻ സദാചാര പോലീസ് ഇപ്പോഴും തെരുവുകളിൽ ഉണ്ടായിരിക്കും. അറസ്റ്റിലായതിനു ശേഷം കസ്റ്റഡിയിലിരിക്കവേയാണ് മഹ്സ മരണപ്പെടുന്നത്. മർദനത്തിൽ തലയോട്ടി പൊട്ടിയതും രക്തസ്രാവവും പക്ഷാഘാതവുമാണ് മഹ്സയുടെ മരണത്തിന് കാരണമായത് എന്നാണ് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നത്. അവിടുന്നിങ്ങോട്ട് ഇറാനിൽ പ്രതിഷേധങ്ങളുടെ നീണ്ടനിര ആരംഭിക്കുകയായിരുന്നു. മഹ്സയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് നിരവധി സ്ത്രീകളാണ് തെരുവുകളിലിറങ്ങി ഹിജാബ് വലിച്ചുകീറുകയും കത്തിക്കുകയുമൊക്കെ ചെയ്തത്. കൂടാതെ ആഗോളാടിസ്ഥാനത്തിൽ തന്നെ മനുഷ്യാവകാശ ലംഘനങ്ങൾ നിരീക്ഷിക്കുന്ന ഹ്യൂമൻ റൈറ്റ്സ് വാച്ച് ഇറാനിൽ ഭയപ്പെടുത്തുന്ന രീതിയിലാണ് വധശിക്ഷകൾ വർദ്ധിച്ചു വരുന്നതെന്ന് മെയ്‌ 12NU റിപ്പോർട്ട് ചെയ്തിരുന്നു. ഏപ്രിൽ അവസാനം മുതൽ ഇതുവരെ ചുരുങ്ങിയത് 60 പേരെയെങ്കിലും ഭരണകൂടം വധിച്ചതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. വധിക്കപ്പെട്ടവരിൽ പലർക്കും സുതാര്യവും നീതിയുക്തവുമായ വിചാരണക്ക് അവസരം ലഭിച്ചിരുന്നില്ല എന്നും റിപ്പോർട്ടിൽ പറയുന്നു. ഇത്തരത്തിൽ ശരിയായ വിചാരണ കൂടാതെ വധശിക്ഷ നൽകുന്നതിനെതിരെ ലോക മനസാക്ഷി ഉണരണമെന്നും ആ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു.

Related Articles

Latest Articles