Thursday, April 25, 2024
spot_img

എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൻ്റെ ടയര്‍ ഊരിത്തെറിച്ചു ;ബസിന്റെ വേഗത കുറവായതിനാൽ ഒഴിവായത് വൻ ദുരന്തം,ബസിന്റെ ടയറുകൾ ഊരിത്തെറിക്കുന്നത് ഒരാഴ്ചക്കിടെ രണ്ടാം തവണ

കൊച്ചി :എറണാകുളം ചിറ്റൂ‍ര്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആ‍ര്‍ടിസി ബസിൻ്റെ ടയര്‍ ഊരിത്തെറിച്ചു.എറണാകുളത്ത് നിന്ന് തിരുവനന്തപുരം കളിയിക്കാവിളയിലേക്ക് പുറപ്പെട്ട സൂപ്പർ ഫാസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. അപകടം നടക്കുമ്പോൾ ബസിൽ 20 യാത്രക്കാരാണ് ഉണ്ടായിരുന്നത്.സ്റ്റാൻഡിൽ നിന്നും പുറപ്പെട്ട ബസ് അരകിലോമീറ്ററോളം സഞ്ചരിച്ച ശേഷമാണ് ടയര്‍ ഊരി തെറിച്ചു പോയത്. റോഡിൽ തിരക്കൊഴിഞ്ഞതും ബസിന് വേഗം കുറവായിരുന്നതും കാരണം വലിയ അപകടമാണ് ഒഴിവായത്.

റോഡരികിൽ നിര്‍ത്തിയിട്ട ഒരു കാറിലേക്കാണ് തെറിച്ചു പോയ ടയര്‍ പോയി ഇടിച്ചു നിന്നത്. കാറിന് നേരിയ കേടുപാടുണ്ട്. അപകടത്തിന് പിന്നാലെ എറണാകുളം ഡിപ്പോയിൽ നിന്നും മെക്കാനിക്കൽ ജീവനക്കാർ എത്തി ടയർ മാറ്റിയിട്ടശേഷമാണ് യാത്ര തുടർന്നത്.കഴിഞ്ഞ ആഴ്ചയും കെ എസ് ആർ ടി സി ബസിന്‍റെ ടയർ ഊരിത്തെറിച്ച സംഭവം ഉണ്ടായിരുന്നു. തിരുവനന്തപുരം വെടിവെച്ചാൻകോവിലിൽവെച്ച് വിഴിഞ്ഞം ഡിപ്പോയിലെ ബസിന്‍റെ ടയറാണ് ഊരിത്തെറിച്ചത്. വിഴിഞ്ഞത്തുനിന്ന് നാഗർകോവിലിലേക്ക് പോകുന്നതിനിടെയാണ് അപകടം. ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ചെയ്ത് ബസ് നിർത്തിയതിനാലാണ് അപകടം ഒഴിവായത്

Related Articles

Latest Articles