Saturday, April 20, 2024
spot_img

അറ്റകുറ്റപ്പണികൾക്കായി ഗതാഗതം തടയാൻ വലിച്ചു കെട്ടിയ പ്ലാസ്റ്റിക് ചരട് കഴുത്തിൽ കുടുങ്ങി ഇരുചക്ര വാഹന യാത്രികന് ഗുരുതര പരിക്ക്; പതുമരാമത്ത് വകുപ്പിന്റെ കുറ്റകരമായ അനാസ്ഥയെന്ന് പരാതി

തൊടുപുഴ : കഴുത്തിൽ പ്ലാസ്റ്റിക് വള്ളി ചുറ്റി സ്കൂട്ടർ യാത്രക്കാരന് പരുക്ക്. റോഡിൽ ടൈൽ പാകുന്നതിന്റെ ഭാഗമായി ഗതാഗതം തിരിച്ചുവിടാൻ അടയാളങ്ങളോ ബോർഡോ സ്ഥാപിക്കാതെ റോഡിനു കുറുകെ പ്ലാസ്റ്റിക് വള്ളി കെട്ടിയതിൽ കുരുങ്ങിയാണ് അപകടം സംഭവിച്ചത്. തെക്കുംഭാഗം കളപ്പുരയ്ക്കൽ ജോണി ജോർജിനാണ് (60) കഴുത്തിന് സാരമായി പരുക്കേറ്റത് . പൊതുമരാമത്തു വകുപ്പിന്റെ നിരുത്തരവാദപരമായ നടപടിയെ തുടർന്നുണ്ടായ സംഭവത്തിൽ ബന്ധപ്പെട്ടവർക്കെതിരെ കേസ് എടുക്കുമെന്ന് പൊലീസ് അറിയിച്ചു.

കാരിക്കോട് – തെക്കുംഭാഗം റോഡിലാണ് പൊതുമരാമത്തു വകുപ്പിന്റെ അനാസ്ഥ മൂലംഅപകടം സംഭവിച്ചത്. ഗതാഗതം തടയാനായി കനം കുറഞ്ഞ പ്ലാസ്റ്റിക് വള്ളി റോഡിനു കുറുകെ വൈദ്യുതി തൂണുകളിൽ വലിച്ചു കെട്ടിയിരുന്നു. ജോണി ഭാര്യയോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുമ്പോഴാണ് വള്ളിയിൽ തട്ടി ഇരുവരും മറിഞ്ഞു വീണത്. പ്ലാസ്റ്റിക് വള്ളി കഴുത്തിൽ കുരുങ്ങി പരുക്കേറ്റ ജോണി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ജോണി ഇതു സംബന്ധിച്ച് തൊടുപുഴ എസ്എച്ച്ഒ വി.സി.വിഷ്ണു കുമാറിന് പരാതി നൽകിയിട്ടുണ്ട് .സംഭവത്തിൽ റോഡിന്റെ കരാറുകാരനായ കാഞ്ഞിരപ്പള്ളി സ്വദേശിയോട് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

Related Articles

Latest Articles