Thursday, April 25, 2024
spot_img

അഭിനന്ദൻ വർദ്ധമാന്റെ ടീമിന് പ്രത്യേക ബാഡ്‌‌ജ്: വീരയോദ്ധാക്കൾക്ക് സവിശേഷ ആദരവുമായി വ്യോമസേന

ദില്ലി: പാക്കിസ്ഥാന്റെ എഫ് 16 പോർവിമാനം തകർത്ത വിങ്ങ് കമാണ്ടർ അഭിനന്ദൻ വർദ്ധമാന്റെ ടീമിന് സവിശേഷ ആദരവുമായി വ്യോമസേന. അഭിനന്ദൻ അടങ്ങുന്ന വ്യോമസേനയിലെ മിഗ് 21, 51-ാം സ്ക്വാഡ്രണ് ഇനി മേൽക്കുപ്പായത്തിൽ ഒരു പുതിയ സവിശേഷ ബാഡ്ജ് കൂടി ലഭിക്കും.

എഫ് 16 യുദ്ധവിമാനം തകർത്തതിനെ സൂചിപ്പിക്കാൻ “ഫാൽക്കൻ സ്ലേയർ” എന്നും, എഫ് 16 വിമാനത്തിലെ മിസൈലുകളെ ആകാശത്ത് വച്ച് തന്നെ തകർത്തതിന് “അമ്രാം ഡോഡ്‌ജറെന്നും ആലേഖനം ചെയ്ത ബാഡ്‌ജുകളാണ് ലഭിക്കുക.

അത്യാധൂനിക സജ്ജീകരണങ്ങളടങ്ങിയ അമേരിക്കൻ നിർമ്മിത എഫ് 16 വിമാനങ്ങളെ താരതമ്യേന സൗകര്യങ്ങൾ കുറഞ്ഞ മിഗ് 21 വിമാനങ്ങളുമായാണ് ഇന്ത്യ ചെറുത്തത് . ശ്രീനഗറിലെ ഇന്ത്യൻ വ്യോമത്താവളം ലക്ഷ്യമാക്കി വന്ന എഫ് 16 വിമാനങ്ങളിലൊന്നിനെ തകർത്തത് അഭിനന്ദൻ വർദ്ധമാനാണ്. ഇതിന് പിന്നാലെ അഭിനന്ദന്റെ മിഗ് 21 വിമാനവും പാകിസ്ഥാനിൽ തകർന്നുവീണു. തുടർന്ന് പാക് കസ്റ്റഡിയിലായ അഭിനന്ദനെ അതിവിദഗ്ധമായ നയതന്ത്ര നീക്കങ്ങളിലൂടെയാണ് തിരിച്ച് ഇന്ത്യയിലെത്തിച്ചത്.

ഇതോടൊപ്പം പോരാട്ടത്തിൽ പങ്കെടുത്ത ഇന്ത്യൻ സൈന്യത്തിന്റെ സുഖോയ് -30-ാം സ്ക്വാഡ്രൺ അംഗങ്ങൾക്ക് അമ്രാം ഡോഡ്ജർ ബാഡ്‌ജും ലഭിക്കും. അഞ്ചോളം പാക് മിസൈലുകളെ തകർത്തത് ഈ സംഘമാണ്.

സംഘശക്തിയുടെ അടയാളമായാണ് ഇന്ത്യൻ വ്യോമസേന ഈ നേട്ടങ്ങളെ കാണുന്നത്. ചരിത്രപരമായ നേട്ടത്തെ എന്നും ഓർമ്മിപ്പിക്കാനാണ് ഈ മുദ്ര സൈനിക സംഘത്തിന്റെ യൂണിഫോമിൽ പതിപ്പിക്കുന്നത്.

Related Articles

Latest Articles