Thursday, April 25, 2024
spot_img

അബുദാബിയിലെ സ്വാമി നാരായണ്‍ ക്ഷേത്രം യുഎഇയുടെ സഹിഷ്ണുതയുടെ പ്രതീകമെന്ന് ക്ഷേത്രകാര്യദര്‍ശി

യുഎഇയുടെ ആത്മാവിന്‍റെ മുഖമുദ്രതന്നെ സഹിഷ്ണുതയാണെന്നും അതിന്‍റെ മകുടോദാഹരണമാണ് അബുദാബിയില്‍ ഉയര്‍ന്നുവരുന്ന ക്ഷേത്രസമുച്ചയമെന്നും സ്വാമി നാരായണ്‍ ക്ഷേത്രത്തിന്‍റെ മുഖ്യകാര്യദര്‍ശി സാധു ബ്രഹ്മ വിഹാരി ദാസ്.

“ഒരു മുസ്ലീം രാജ്യത്താണ് ഈ ക്ഷേത്രസമുച്ചയത്തിന് സര്‍ക്കാര്‍ ഭൂമി നല്‍കിയത്. ഐറിഷ് പൗരനും കത്തോലിക്കനുമായ മൈക്കിള്‍ മിഖായേല്‍ എന്ന എന്‍ജിനീയറാണ് ക്ഷേത്രത്തിന്‍റെ രൂപകല്‍പ്പന നടത്തുന്നത്. പ്രോജക്ടിന്‍റെ കണ്‍സള്‍ട്ടന്‍റായി പ്രവര്‍ത്തിക്കുന്നത് ഒരു നിരീശ്വരവാദിയായ ചൈനീസ് പൗരനും” സാധു ബ്രഹ്മ വിഹാരി ദാസ് ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു.

അബുദാബിയിലെ ബൃഹത്തായ സ്വാമി നാരായണ്‍ ക്ഷേത്രസമുച്ചയത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടത് കഴിഞ്ഞവര്‍ഷമാണ്. 55,000 ചതുരശ്ര അടിയില്‍ ഉയര്‍ന്നുവരുന്ന ക്ഷേത്രം അടുത്തവര്‍ഷം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്ന് അബുദാബി അധികൃതര്‍ അറിയിച്ചു.

പശ്ചിമേഷ്യയിലെ ബൃഹത്തായ ആദ്യ ഹിന്ദുക്ഷേത്രം അബുദാബിയില്‍ ഉയര്‍ന്ന് വരുന്നത് ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ പ്രവാസി സമൂഹവും ഉറ്റുനോക്കുന്നത്. വാണിജ്യബന്ധത്തിന് പുറമേ യുഎഇയുമായി ഇന്ത്യയ്ക്കുള്ള സാംസ്കാരിക ബന്ധം ഊട്ടിയുറപ്പിക്കാന്‍ ഈ ക്ഷേത്രപദ്ധതിക്ക് സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ബിജെപി എന്‍ ആര്‍ ഐ സെല്‍ സംസ്ഥാന സമിതിയംഗം സജീവ് പുരുഷോത്തമന്‍ ന്യൂസ് മൊസൈകിനോട് പറഞ്ഞു.

ഐക്യ അറബ് എമിറേറ്റ്സ് ഈ വര്‍ഷം സഹിഷ്ണുതയുടെ വര്‍ഷമായാണ് ആചരിക്കുന്നത്.

Related Articles

Latest Articles