Wednesday, April 24, 2024
spot_img

റോൾ ക്യാമറ ആക്ഷൻ എന്ന് പറഞ്ഞതും കാലൊടിഞ്ഞു; സിനിമാ ചിത്രീകരണത്തിനിടെ ശിൽപ ഷെട്ടിയ്‌ക്ക് പരിക്ക്; എത്രയും വേഗം കൂടുതൽ ശക്തയായി തിരിച്ചുവരുമെന്ന് താരം

മുംബൈ : ബോളിവുഡ് താരം ശിൽപ ഷെട്ടിയ്‌ക്ക് സിനിമാ ചിത്രീകരണത്തിനിടെ പരിക്ക് . ‘ഇന്ത്യൻ പൊലീസ് ഫോഴ്‌സ്’ എന്ന വെബ് സീരീസിന്റെ ഷൂട്ടിങ്ങിനിടെ ആയിരുന്നു അപകടം. നടിയുടെ ഇടത് കാൽ ഒടിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട് . ഇൻസ്റ്റഗ്രാമിലൂടെ നടി തന്നെയാണ് അപകടവിവരം സമൂഹത്തെ അറിയിച്ചത്.

റോൾ ക്യാമറ ആക്ഷൻ എന്ന് പറഞ്ഞതും തന്റെ കാല് ഒടിഞ്ഞെന്ന് ശിൽപ്പ ഷെട്ടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ആറ് ആഴ്ചത്തേക്ക് ഇനി ഒരു ആക്ഷനും ഉണ്ടാകില്ല. എത്രയും വേഗം കൂടുതൽ ശക്തയായി തിരിച്ചുവരും. അത്രയും കാലം പ്രാർത്ഥനകൾ ഉണ്ടാകണമെന്നും ശിൽപ ഷെട്ടി ചിത്രങ്ങൾക്കൊപ്പം എഴുതിച്ചേർത്തു. നടക്കാൻ കഴിയാത്തതിനാൽ വീൽ ചെയറിലിരുന്നാണ് താരം ഫോട്ടോ എടുത്തിരിക്കുന്നത്.

രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സീരീസാണ് ഇന്ത്യൻ പൊലീസ് ഫോഴ്‌സ്. സിദ്ധാർത്ഥ് മൽഹോത്ര, വിവേക് ​​ഒബ്‌റോയ്, ഇഷ തൽവാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വെബ് സീരീസ് ആമസോൺ പ്രൈം വീഡിയോയിൽ ആകും റിലീസ് ചെയ്യുക.

ശിൽപയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം നികമ്മ എന്ന ചിത്രമാണ്. ശിൽപ്പ ഷെട്ടിയും അഭിമന്യു ദസ്സാനിയും പ്രധാന കഥാപാത്രങ്ങായി എത്തിയ ചിത്രം സാബിർ ഖാൻ ആണ് സംവിധാനം ചെയ്തത്. 15-20 കോടിയാണ് ചിത്രത്തിന്റെ മുടക്കുമുതൽ. എന്നാൽ ഇതിന്റെ പകുതി പോലും നേടാൻ ചിത്രത്തിന് സാധിച്ചിരുന്നില്ല. തെലുങ്ക് ചിത്രം മിഡിൽ ക്ലാസ് അബ്ബെയുടെ ഹിന്ദി റീമേക്കാണ് നികമ്മ.

Related Articles

Latest Articles