തിരുവനന്തപുരം: ശിവഗിരി തീര്‍ത്ഥാടന സര്‍ക്യൂട്ട് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഇന്ന് ഉദ്ഘാടനം ചെയ്യും. പദ്ധതിയുടെ പേരില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ രൂക്ഷമായ ഭിന്നത നിലനില്‍ക്കവെയാണ് തീര്‍ത്ഥാടന സര്‍ക്യൂട്ട് ഉദ്ഘാടനം ചെയ്യപ്പെടുന്നത്.

ശ്രീനാരായണ ഗുരുവിന്‍റെ ജീവിതവുമായി ബന്ധപ്പെട്ട സ്ഥലങ്ങളെ കോര്‍ത്തിണക്കിയാണ് 100 കോടി ചെലവില്‍ സര്‍ക്യൂട്ട് ഉണ്ടാക്കുന്നത്. നിര്‍വ്വഹണ ഏജന്‍സിയായി കെടിഡിസിയെ നിയോഗിക്കണമെന്ന കേരളത്തിന്‍റെ ആവശ്യം കേന്ദ്രം തള്ളിയിരുന്നു.

സംസ്ഥാനത്തിന്‍റെ നിര്‍ദേശം അവഗണിച്ച്‌ ശ്രീനാരായണഗുരു തീര്‍ഥാടന സര്‍ക്യൂട്ടിന്‍റെ നിര്‍വഹണം ഇന്ത്യാ ടൂറിസം ഡവലപ്മെന്‍റ് കോര്‍പ്പറേഷനെ (ഐടിഡിസി) നിര്‍വ്വഹണ ചുമതല ഏല്‍പ്പിച്ച കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍റെ നടപടിക്കെതിരെ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ച്‌ പ്രതിഷേധം അറിയക്കുകയും ചെയ്തിരുന്നു. കേരളം രൂപം നല്‍കിയ പദ്ധതിയിലേക്ക് മുഖ്യമന്ത്രിയെ വേണ്ട രീതിയില്‍ ക്ഷണിച്ചില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ പരാതി രേഖപ്പെടുത്തിയിരുന്നു.

അതേസമയം ഉദ്ഘാടന ചടങ്ങില്‍ പാലിക്കേണ്ട നടപടിക്രമങ്ങളെല്ലാം പാലിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. നിര്‍വ്വഹണ ഏജന്‍സിയെ തീരുമാനിക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്. സംസ്ഥാനം പല കേന്ദ്ര പദ്ധതികളോടും മുഖം തിരിഞ്ഞുനില്‍ക്കുകയാണെന്നും കണ്ണന്താനം കുറ്റപ്പെടുത്തി.