Saturday, April 20, 2024
spot_img

തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം;ഫ്ളക്സ് സെന്റര്‍ ഉടമയെ ഗുണ്ടാ സംഘം സ്ഥാപനത്തില്‍ കയറി മര്‍ദ്ദിച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം. നെയ്യാറ്റിന്‍കര ഉദിയന്‍കുളങ്ങരയിലാണ് സംഭവം ഉണ്ടായത്. ഫ്ളക്സ് സെന്റര്‍ ഉടമയെ ഗുണ്ടാ സംഘം സ്ഥാപനത്തില്‍ കയറി മര്‍ദ്ദിച്ചു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. പരിക്കേറ്റ ഉദിയന്‍കുളങ്ങര സ്വദേശി ശ്യാം പാറശാല ആശുപത്രിയില്‍ ചികിത്സയിലാണ്. മൂന്നംഗം സംഘമാണ് മര്‍ദ്ദിച്ചതെന്ന് ശ്യാം പറഞ്ഞു.

കടയടച്ച് വീട്ടിലേക്ക് പോകാന്‍ നില്‍ക്കുന്നതിനിടെയായിരുന്നു ശ്യാമിന് നേരെ ആക്രമണം ഉണ്ടായത്. കടയടയ്ക്കുന്നതിനിടെ ഇതിന് മുന്‍പിലായി ഗുണ്ടാ സംഘം വാഹനം പാര്‍ക്ക് ചെയ്ത് അതിലിരുന്ന് മദ്യപിച്ചിരുന്നു. ഇത് കടയിലെ ജീവനക്കാര്‍ ചോദ്യം ചെയ്തതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്.

ആയുധങ്ങളുമായി കടയിലേക്ക് അതിക്രമിച്ച് കയറിയ അക്രമി സംഘം ശ്യാമിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. രാത്രി കടയടച്ച് വീട്ടിലേക്ക് പോകും വഴി റോഡിലിട്ട് വീണ്ടും മര്‍ദ്ദിച്ചുവെന്നും ശ്യാമിന്റെ പരാതിയിലുണ്ട്. പരിക്കേറ്റ ശ്യാമിനെ ജീവനക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്. ഗുണ്ടാ സംഘം ശ്യാമിനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ജീവനക്കാര്‍ പോലീസിന് കൈമാറിയിട്ടുണ്ട്. പരാതിയില്‍ പാറശാല പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles