Thursday, April 25, 2024
spot_img

ഇക്കാര്യത്തിലെങ്കിലും സിപിഎം സമത്വം കാണിച്ചു !! റിസോർട്ട് വിവാദം: വാദിക്കും പ്രതിക്കും എതിരെ സിപിഎം അന്വേഷണം; ഇ.പി.ജയരാജനും പി.ജയരാജനും അന്വേഷണം നേരിടേണ്ടി വരും

തിരുവനന്തപുരം : എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനും സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജനും എതിരായ ആരോപണങ്ങളിൽ സിപിഎം അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണ സമിതിയിലെ അംഗങ്ങളെ സംബന്ധിച്ച തീരുമാനം ഉടനെയുണ്ടാകുമെന്നാണ് സൂചന. സംസ്ഥാന സമിതിയിൽ ഇ.പിയും പി.ജയരാജനും തമ്മിൽ വാക്കു തർക്കമുണ്ടായി. തനിക്കെതിരെ ഗൂഢാലോചന നടന്നെന്നും വ്യക്തിഹത്യയ്ക്ക് ശ്രമം നടന്നെന്നും ഇ.പി.ജയരാജൻ സമിതിയെ അറിയിച്ചു.

കണ്ണൂർ ജില്ലയിലെ ആയുർവേദ റിസോർട്ടിന്റെ പേരിലാണ് ഇ.പി.ജയരാജനെതിരെ പി.ജയരാജൻ സംസ്ഥാന കമ്മിറ്റിയിൽ പരാതി ഉന്നയിച്ചത്. പിന്നാലെ, പി.ജയരാജന്‍ അവിഹിതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതികൾ പാർട്ടിക്കു ലഭിച്ചു. പാർട്ടിയിലെ തമ്മിൽ തല്ല് പുറത്ത് വൻ വിവാദങ്ങൾക്കാണ് വഴിവച്ചത്. കേന്ദ്ര കമ്മിറ്റി അംഗവും എൽഡിഎഫ് കൺവീനറുമായ മുതിർന്ന നേതാവിനെതിരെ കണ്ണൂരിലെതന്നെ പ്രമുഖ നേതാവ് ഗുരുതരമായ ആരോപണം ഉന്നയിച്ചത് പാർട്ടിയെ ഞെട്ടിച്ചു.

ഏറെ നാളായി പാർട്ടി നേതൃത്വവുമായി അകലം പാലിക്കുകയാണ് പി.ജയരാജൻ. കഴിഞ്ഞ സിപിഎം സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റിൽ നേതൃ നിരയിൽ പി.ജയരാജൻ വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും അവഗണിക്കപ്പെടുകയാണുണ്ടായത്. അദ്ദേഹത്തെ ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനത്തു നിയമിക്കുകയാണ് ചെയ്തത്.

ഏറെ നാളായി ഇ.പി.ജയരാജനും പാർട്ടി പ്രവർത്തനങ്ങളിൽനിന്ന് മാറി നിൽക്കുകയായിരുന്നു. പാർട്ടി സെക്രട്ടറിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് അകൽച്ചയ്ക്കു കാരണമെന്നാണ് പരസ്യമായ രഹസ്യം. പി.ജയരാജൻ പരാതി ഉന്നയിച്ചതിനുശേഷമാണ് ഇ.പി പാർട്ടി പരിപാടികളിൽ വീണ്ടും സജീവമായത്.

Related Articles

Latest Articles