Australia built a defensive line in the final test!! A good start in the first innings
ഇന്ത്യയ്‌ക്കെതിരെ ബാറ്റിംഗ് തുടരുന്ന ഓസ്‌ട്രേലിയൻ ബാറ്റർ

അഹമ്മദാബാദ് : ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഭേദപ്പെട്ട തുടക്കം കുറിച്ച് ഓസ്ട്രേലിയ. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കങ്കാരുക്കൾ 46 ഓവർ പൂർത്തിയാകുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 110 റൺസ് എന്ന ഭേദപ്പെട്ട നിലയിലാണ്. ഓപ്പണർ ഉസ്മാൻ ഖവാജ (48) , ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് (16) എന്നിവരാണ് ഇപ്പോൾ ക്രീസിൽ.

ഇതുവരെ 142 പന്തുകൾ നേരിട്ട ഖവാജ, എട്ടു ഫോറുകളുടെ അകമ്പടിയോടെയാണ് 48 റൺസെടുത്തത്. സ്മിത്ത് 71 പന്തിൽ ഒരു ഫോർ സഹിതം 16 റൺസുമെടുത്തു. മൂന്നാം വിക്കറ്റിൽ ഒരുമിച്ച ഈ സഖ്യം ഇതിനകം 38 റൺസാണ് സ്‌കോർബോർഡിൽ കൂട്ടിച്ചേർത്തിട്ടുള്ളത്.

ഓപ്പണർ ട്രാവിസ് ഹെഡ് (44 പന്തിൽ 32), മാർനസ് ലബുഷെയ്ൻ (20 പന്തിൽ മൂന്ന്) എന്നിവരാണ് ഓസിസ് നിരയിൽ പുറത്തായത്. 44 പന്തിൽ ഏഴു ഫോറുകൾ സഹിതം 32 റൺസെടുത്ത് ഭീഷണി ഉയർത്തിയ ഹെഡിനെ, രവിചന്ദ്രൻ അശ്വിൻ രവീന്ദ്ര ജഡേജയുടെ കൈകളിലെത്തിച്ചു. ഇന്നിങ്സിന്റെ തുടക്കത്തിൽ ഹെഡിനെ പുറത്താക്കാനുള്ള സുവർണ്ണാവസരം വിക്കറ്റ് കീപ്പർ ശ്രീകർ ഭരത് കൈവിട്ടിരുന്നു. ലബുഷെയ്നെ മുഹമ്മദ് ഷമി ക്ലീൻ ബൗൾഡാക്കി.

ഇന്ത്യൻ ടീമിൽ കഴിഞ്ഞ മത്സരത്തിൽ വിശ്രമം അനുവദിച്ച പേസ് ബോളർ മുഹമ്മദ് ഷമി തിരിച്ചെത്തി. മുഹമ്മദ് സിറാജിനാണ് പകരം സ്ഥാനം നഷ്ടമായത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസും മത്സരം വീക്ഷിക്കാൻ സ്റ്റേഡിയത്തിലെത്തി.

ഈ മത്സരം ഇന്ത്യയ്ക്ക് ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിലേക്ക് നേരിട്ട് പ്രവേശനം നേടാനുള്ള അവസാന അവസരമാണ്. കഴിഞ്ഞ മത്സരം ജയിച്ച ഓസ്ട്രേലിയ ഫൈനലിലേക്ക് നേരത്തെ യോഗ്യത നേടിയിരുന്നു. ഇവിടെ തോറ്റാൽ ശ്രീലങ്ക– ന്യൂസീലൻഡ് ടെസ്റ്റ് പരമ്പരയിലെ മത്സരഫലത്തെ ആശ്രയിച്ചിരിക്കും ഇന്ത്യയുടെ മുന്നോട്ട് പോക്ക് . ജൂണിൽ ഇംഗ്ലണ്ടിലെ ഓവലിലാണ് ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ അരങ്ങേറുക .