Bangalore can't cross Delhi's run mountain! Delhi Capitals win by 60 runs against RCB in Women's Premier League
ബാംഗ്ലൂർ വിക്കറ്റുകൾ വീഴവേ ദില്ലി ടീമിന്റെ ആഹ്ലാദ പ്രകടനം

മുംബൈ : വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റിലെ രണ്ടാം മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ദില്ലി ക്യാപിറ്റൽസിന് ത്രസിപ്പിക്കുന്ന ജയം. ദില്ലിയുടെ കൂറ്റൻ സ്കോറിന് 60 റൺസകലെയാണ് ആർസിബി വീണത്. ദില്ലി ക്യാപിറ്റൽസിന്റെ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 223 റൺസ് എന്ന സ്കോറിന് ആർസിബിയുടെ മറുപടി 163 റൺസിൽ അവസാനിച്ചു. എട്ടു വിക്കറ്റ് നഷ്ടത്തിലാണ് ആർസിബി 163 റൺസെടുത്തത്. നാല് ഓവറിൽ 29 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ താര നോറിസാണ് ആർസിബിയെ തകർത്തത്. ആലീസ് കാപ്സി രണ്ടും ശിഖ പാണ്ഡെ ഒരു വിക്കറ്റും വീഴ്ത്തി വിജയത്തിൽ പങ്കാളികളായി.

23 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം 35 റൺസെടുത്ത ക്യാപ്റ്റൻ സ്മൃതി മന്ഥനയും 21 പന്തിൽ രണ്ടു വീതം സിക്സും ഫോറും സഹിതം 34 റൺസെടുത്ത ഹീതർ നൈറ്റുമാണ് ആർസിബി നിരയിൽ അൽപ്പമെങ്കിലും പൊരുതി നിന്നത്. മേഗൻ ഷൂട്ട് 19 പന്തിൽ അഞ്ച് ഫോറുകൾ സഹിതം 30 റൺസുമായി പുറത്താകാതെ നിന്നു. എലിസ് പെറി (19 പന്തിൽ അഞ്ച് ഫോറുകളോടെ 31) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

സോഫി ഡിവൈൻ (11 പന്തിൽ 14), ദിഷ കസാട്ട് (11 പന്തിൽ 9), റിച്ച ഘോഷ് (നാലു പന്തിൽ രണ്ട്), കനിക അഹൂജ (0), ആശ ശോഭന (മൂന്നു പന്തിൽ രണ്ട്), പ്രീതി ബോസ് (എട്ടു പന്തിൽ രണ്ട്) എന്നിവർ തീർത്തും നിരാശപ്പെടുത്തി.

നേരത്തെ ടോസ് നേടിയ ബാംഗ്ലൂർ ദില്ലിയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. തകർത്തടിച്ച ദില്ലി നിശ്ചിത 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 223 റൺസെന്ന വമ്പൻ സ്കോറിലെത്തി. ദില്ലിക്കായി ക്യാപ്റ്റൻ മേഗ് ലാനിങ്, ഷെഫാലി വർമ എന്നിവർ അർധ സെഞ്ചുറികളുമായി തിളങ്ങി. വെറും 45 പന്തുകളിൽ നിന്നാണ് ഷെഫാലി 84 റണ്‍സെടുത്തത്. 10 ഫോറുകളും നാല് സിക്സുകളുമാണ് ഷെഫാലി പായിച്ചത്.

മേഗ് ലാനിങ് 43 പന്തിൽ 72 റൺസെടുത്തു . ദില്ലിക്കായി മരിസാന കേപ് (17 പന്തിൽ 39), ജെമൈമ റോഡ്രിഗസ് (15 പന്തിൽ 22) എന്നിവരും തിളങ്ങി. ദില്ലിയെ പിടിച്ചുകെട്ടാനായി ബാംഗ്ലൂരിന്റെ ഏഴു താരങ്ങളാണ് പന്തെറിഞ്ഞത്. നാല് ഓവറുകൾ മാത്രമെറിഞ്ഞ മേഗന്‍ ഷൂട്ട് 45 റൺസാണു വഴങ്ങിയത്. രണ്ടു വിക്കറ്റുകൾ വീഴ്ത്തിയെങ്കിലും ഹീതർ നൈറ്റ് 40 റൺസ് വിട്ടുകൊടുത്തു.