Thursday, April 18, 2024
spot_img

എനിക്കു ലോകകപ്പ് വേണം, നിങ്ങളെനിക്കത് തരൂ..ബ്രസീലിലേയും ഇറ്റലിയിലേയും പ്രധാന ക്ലബുകളുമായി കളിക്കൂ .. തന്റെ ‘ചെറിയ ആഗ്രഹം’ ബഗാനെയറിയിച്ച് മമതാ ബാനർജി

കൊൽക്കത്ത : ഇന്ത്യൻ സൂപ്പർ ലീഗിൽ കപ്പുയർത്തിയതിനു തൊട്ടു പിന്നാലെ എടികെ മോഹൻബഗാന് 50 ലക്ഷം രൂപ സമ്മാനത്തുകയായി പ്രഖ്യാപിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ടീം വിചാരിച്ചാൽ ലോകത്തിലെ തന്നെ ഒന്നാം നമ്പർ ക്ലബ് ആയി ഉയരാൻ സാധിക്കില്ലേയെന്ന് മുഖ്യമന്ത്രി ആരാഞ്ഞു. ‘

‘നിങ്ങൾ എനിക്ക് ലോകകപ്പ് ഇങ്ങോട്ട് കൊണ്ടുവരണം. എന്തുകൊണ്ട് ബ്രസീലിലേയും ഇറ്റലിയിലേയും പ്രധാന ക്ലബുകളുമായി മോഹന്‍ ബഗാൻ കളിക്കുന്നില്ല?. ബംഗാളിൽനിന്നുള്ള ഒരു ഫുട്ബോൾ ക്ലബ് രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തിയതിൽ എനിക്കു സന്തോഷമുണ്ട്. ബംഗാൾ ഇന്നു ചിന്തിക്കുന്നതാണ് ഇന്ത്യ നാളെ ചിന്തിക്കുന്നത്. മോഹൻ ബഗാൻ അതു വീണ്ടും തെളിയിച്ചിരിക്കുന്നു. ബംഗാളിനെ അവഗണിക്കാൻ സാധിക്കില്ലെന്ന് മോഹൻ ബഗാന്റെ ഈ വിജയം ഉറപ്പിക്കുകയാണ്. ബംഗാള്‍ ലോകം ജയിക്കണം. എനിക്ക് ഇനിയും വിജയങ്ങൾ വേണം.’’– ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം നേടിയ എടികെ മോഹൻ ബഗാനു നൽകിയ സ്വീകരണത്തിൽ മമതാ ബാനർജി പറഞ്ഞു.

ക്ലബിന്റെ പേരിൽ നിന്ന് ‘എടികെ’ എന്ന വാക്കു നീക്കണമെന്ന് മമത ഉടമകളോട് ആവശ്യപ്പെട്ടു. എന്നാൽ അടുത്ത സീസൺ മുതൽ മോഹൻ ബഗാൻ സൂപ്പർ ജയന്റസ് എന്ന പേരിലാകും ക്ലബ് കളിക്കളത്തിൽ ഇറങ്ങുകയെന്ന് ടീം ഉടമ സഞ്ജീവ് ഗോയങ്ക അറിയിച്ചിട്ടുണ്ട്. കൊൽക്കത്തയുടെ പാരമ്പര്യം പേറുന്ന മോഹൻ ബഗാനും ഐഎസ്എൽ ക്ലബ് എടികെയും ലയിച്ചാണ് ടീമിന് എടികെ ബഗാൻ എന്നു പേരിട്ടത്. ഇന്ത്യൻ ഫുട്ബോളിന്റെ പെരുമയുമുള്ള മോഹൻ ബഗാന്റെ പേരിനൊപ്പം എടികെ കൂട്ടി ചേർത്തതിൽ വൻ പ്രതിഷേധമാണ് ആരാധക പക്ഷത്തു നിന്നുണ്ടായത്.

Related Articles

Latest Articles