ബാറോസ് ഓപ്പറേറ്റിങ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്ത മൊബൈൽ ഇന്റർഫേസ്

ദില്ലി : ഐഒഎസിനോടും ആൻഡ്രോയിഡിനോടും മത്സരിക്കാൻ ഇനി ഇന്ത്യൻ നിർമിത ‘ഭറോസും ’ (BharOS). ഐഐടി മദ്രാസാണ് തദ്ദേശനിർമിത മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റമാണ് (ഒഎസ്) ഭറോസിനു പിന്നിലുള്ളത്. സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും ഈ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ അതീവ പ്രാധാന്യം നൽകിയിരിക്കുന്നു. ആപ്പിളിന്റെ ഐഒഎസും ഗൂഗിളിന്റെ ആൻഡ്രോയിഡും ഒരു സ്മാർട്ഫോണിൽ പ്രവർത്തിക്കുന്ന ശൈലിയിൽ തന്നെയാകും ഭറോസിന്റെയും പ്രവർത്തനം.

കേന്ദ്ര കമ്യൂണിക്കേഷൻസ്, ഇലക്ട്രോണിക്സ്, വിവരസാങ്കേതിക, വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ ഇന്നു ന്യൂഡൽഹിയിൽ വച്ച് പുതിയ ഓപ്പറേറ്റിങ് സിസ്റ്റം ഔദ്യോഗികമായി ടെസ്റ്റ് ചെയ്തു. പുതിയ ഒഎസ് വികസിപ്പിച്ചവരെ മന്ത്രി അഭിനന്ദിച്ചു. കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവും ചടങ്ങിൽ പങ്കെടുത്തു.സ്മാർട്ഫോണുകളിൽ വിദേശ ഒഎസുകളെ കൂടുതലായി ആശ്രയിക്കുന്നതിനു പകരം തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യയെ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.ഭറോസിനൊപ്പം ഡിഫോൾട്ട് മൊബൈൽ ആപ്ലിക്കേഷനുകൾ ഒന്നും ഉണ്ടാകില്ല. എന്നാൽ ഉപയോഗിക്കുന്നയാൾക്ക് വേണമെങ്കിൽ ഓരോ ആപ്ലിക്കേഷനുകളും ഡൗൺലോഡ് ചെയ്യാം. വിശ്വാസ്യതയുള്ള ആപ്ലിക്കേഷനുകൾ മാത്രം ഡൗൺലോഡ് ചെയ്യാൻ ഇതിലൂടെ ഉപഭോക്താവിന് സാധിക്കും.