mithilesh-vhathurcedi
mithilesh-vhathurcedi

മുംബൈ: ബോളിവുഡ് താരം മിഥിലേഷ് ചതുര്‍വേദി (67) അന്തരിച്ചു. ഹൃദയാഘാതത്തെ തുര്‍ന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം.മരണവാർത്ത പുറത്ത് വിട്ടത് കുടുംബമാണ്. കോയി മില്‍ഗയാ, റെഡി തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

പത്ത് ദിവസം മുന്‍പ് ഹൃദയാഘാതത്തെ തുടര്‍ന്ന് മിഥിലേഷിനെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശ്വസനസംബന്ധമായ പ്രശ്‌നങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ പുലര്‍ച്ചെ നാലു മണിയോടെ ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്ന് മകളുടെ ഭര്‍ത്താവ് ആഷിഷ് ചതുര്‍വേദി പിടിഐയോട് പറഞ്ഞു.

നിരവധി സിനിമകളില്‍ ശക്തമായ വേഷങ്ങളില്‍ കൈകാര്യം ചെയ്ത് അമ്പരപ്പിച്ചിട്ടുള്ള താരമാണ് അദ്ദേഹം. താല്‍, ഫിസ, അശോക, കൃഷ്, ഗുലാബോ സിതാബോ, വെബ് സീരീസായ സ്‌കാം 1992 തുടങ്ങിയവയിലെ കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. സിനിമ മേഖലയിലെ നിരവധി പ്രമുഖരാണ് മിഥിലേഷിന് ആദരാജ്ഞലി അര്‍പ്പിച്ചുകൊണ്ട് രംഗത്തെത്തി. വെര്‍സോവയിലെ ശ്മശാനത്തില്‍ വച്ച്‌ വൈകീട്ടാണ് സംസ്‌കാരം. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്.