Thursday, April 18, 2024
spot_img

ഇനി ബാങ്കുകൾ പ്രവർത്തിക്കുക ആഴ്ചയിൽ അഞ്ചുദിവസം മാത്രം? തീരുമാനം ഉടൻ

ദില്ലി: രാജ്യത്തെ ബാങ്കുകളുടെ പ്രവൃത്തി ദിനങ്ങൾ ആഴ്ചയിൽ അഞ്ചായി ചുരുക്കാൻ സാധ്യത. ധനകാര്യ മന്ത്രാലയവും ഇന്ത്യൻ ബാങ്കേഴ്സ് അസോസിയേഷനും തമ്മിൽ നടന്ന ചർച്ചയിൽ പ്രവൃത്തി ദിനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ധാരണയായതായാണ് സൂചന. രാജ്യത്ത് നിലനിൽക്കുന്ന കോവിഡ് സാഹചര്യം കണക്കിലെടുത്താണ് ബാങ്കിങ് ദിനങ്ങൾ കുറയ്ക്കാൻ ജീവനക്കാരുടെ സംഘടന ആവശ്യമുന്നയിച്ചത്.നിലവില്‍ എല്ലാ മാസവും രണ്ടാമത്തേതും നാലാമത്തേതും ശനിയാഴ്ചകളിലും എല്ലാ ഞായറാഴ്ചകളിലും രാജ്യത്തെ ബാങ്കുകള്‍ക്ക് അവധിയാണ്.

പണമിടപാടുകള്‍ക്കും മറ്റുമായി ധാരാളം പൊതുജനങ്ങള്‍ ബാങ്ക് ശാഖകളെ ആശ്രയിക്കാറുണ്ട്. ഇക്കാരണം കൊണ്ടുതന്നെ ബാങ്ക് ജീവനക്കാര്‍ക്ക് പൊതുജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തേണ്ടിവരുന്നുണ്ട്. നിലവിലെ സാഹചര്യത്തിലെ ഏറ്റവും വലിയ ആവശ്യകതയാണ് പ്രവൃത്തി ദിനങ്ങൾ കുറക്കുക എന്ന് നേരത്തെ ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ അഭിപ്രായപ്പെട്ടിരുന്നു.

ആഗോളതലത്തില്‍ തന്നെ മിക്ക രാജ്യങ്ങളും പ്രവൃത്തി ദിവസങ്ങള്‍ ആഴ്ചയില്‍ നാലായി ചുരുക്കാന്‍ പദ്ധതിയിടുകയാണ്. ഈ നിലയിലാണ് നമ്മുടെ രാജ്യം ആഴ്ചയില്‍ അഞ്ച് ദിവസത്തെ ബാങ്കിംഗ് തിരഞ്ഞെടുക്കാനുള്ള വഴി തേടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന് അനുസൃതമായി ഡിജിറ്റല്‍ ഇന്ത്യയുടെ ദിശയിലേക്കുള്ള ഒരു നല്ല ചുവടുവയ്പ്പായിരിക്കും ഇതെന്ന് അഖിലേന്ത്യാ സ്റ്റേറ്റ് ബാങ്ക് ഓഫീസേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ദീപക് ശര്‍മ്മ അഭിപ്രായപ്പെട്ടു.

Related Articles

Latest Articles