Friday, April 26, 2024
spot_img

ചൈനക്ക് ‘റെഡ് സിഗ്നൽ’…ചൈനീസ് കമ്പനിയുമായുള്ള 471 കോടിയുടെ കരാർ റെയിൽവേ റദ്ദാക്കി

 ദില്ലി:ചൈനീസ് കമ്പനിയുമായുള്ള കരാർ റദ്ദാക്കാൻ തീരുമാനിച്ച് ഇന്ത്യൻ റെയിൽവേ. കാൻപുരിനും മുഗൾസരായിക്കും ഇടയിലുള്ള ഈസ്റ്റേൺ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോറിലെ 417 കിലോമീറ്ററിന്റെ സിഗ്‌നലിങ്, ടെലികമ്യൂണിക്കേഷൻ ജോലികൾ ചെയ്യുന്നതിന് ബെയ്ജിങ് നാഷനൽ റെയിൽവേ റിസർച്ചിനും ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിഗ്‌നൽ ആന്‍ഡ് കമ്യൂണിക്കേഷൻ ഗ്രൂപ്പിനും നൽകിയ കരാറാണ് റദ്ദാക്കുന്നത്. അതിര്‍ത്തിയില്‍ ചൈനീസ് ആക്രമണത്തില്‍ 20 ഇന്ത്യന്‍ ജവാന്മാര്‍ വീരമൃത്യു വരിച്ചതിനു പിന്നാലെയാണ് റെയില്‍വേ നടപടി.

കരാറിന്റെ ‘മോശം പുരോഗതി’യെ തുടർന്നാണ് തീരുമാനമെന്ന് റെയിൽവേ അറിയിച്ചു. 2016ൽ 471 കോടി രൂപയ്ക്കാണ് റെയിൽവേ ചൈനീസ് കമ്പനിക്ക് കരാർ നൽകിയത്. 2019ൽ പണി പൂർത്തീകരിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ 2020 പകുതിയായിട്ടും 20 ശതമാനം ജോലികൾ മാത്രമെ പൂർത്തിയായിട്ടുള്ളുവെന്ന് റെയിൽവേ അറിയിച്ചു. എന്നാൽ ചൈനയുമായി അതിർത്തിയിൽ നിലനിൽക്കുന്ന സംഘർഷമാണ് റെയിൽവേയുടെ പിന്മാറ്റത്തിനുള്ള കാരണമെന്നാണ് സൂചന.

4ജി വികസന നടപടികളിൽ ചൈനീസ് ഉപകരണങ്ങളും സൗകര്യങ്ങളും ഒഴിവാക്കാൻ ബിഎസ്എൻഎലിനോട് ടെലികോം മന്ത്രാലയം ആവശ്യപ്പെടുമെന്നും സൂചനയുണ്ട്. സ്വകാര്യ ടെലികോം കമ്പനികളോടും ചൈനീസ് സംവിധാനങ്ങളുടെ ഉപയോഗം കുറയ്ക്കാൻ പറയുമെന്നും സൂചനയുണ്ട്. ചൈനീസ് ഉൽ‌പന്നങ്ങൾ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻപ്രചാരണം നടക്കുന്നുണ്ട്.

Related Articles

Latest Articles