മുദ്രാ ലോണുകള്‍ അവസരങ്ങള്‍ സൃഷ്ടിച്ചതായി സര്‍വേ റിപ്പോര്‍ട്ട്

0

ദില്ലി: മുദ്രാ ലോണുകള്‍ വഴി തൊഴിലവസരങ്ങള്‍ കൂടിയതായി സര്‍ക്കാര്‍ നടത്തിയ ഔദ്യോഗിക സര്‍വേ റിപ്പോര്‍ട്ട്. പ്രധാന്‍ മന്ത്രി മുദ്രാ യോജന (പിഎംഎംവൈ) വഴി 28 ശതമാനം തൊഴിലവസരങ്ങള്‍ കൂടിയതായാണ് റിപ്പോര്‍ട്ട്. തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള ലേബര്‍ ബ്യൂറോയാണ് സര്‍വേ നടത്തിയത്. പിഎംഎംവൈ നിലവില്‍ വരുന്നതിന് മുമ്പ് 39.3 ദശലക്ഷം പേരാണ് വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്നത്. എന്നാല്‍, പദ്ധതി പ്രയോജനപ്പെടുത്തിയത് വഴി ഇത് 50.4 ദശലക്ഷമായി ഉയര്‍ന്നെന്നും റിപ്പോര്‍ട്ട് പറയുന്നു.

സ്വയം തൊഴില്‍ വര്‍ദ്ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ 2015 ഏപ്രിലിലാണ് പിഎംഎംവൈ 10 ലക്ഷം രൂപ വരെ ഈടില്ലാതെ നല്‍കുന്ന പദ്ധതി നിലവില്‍ വന്നത്. ഇത് വഴി 11.2 ദശലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതായാണ് കണക്ക്. ഇതില്‍ത്തന്നെ 55 ശതമാനം മുദ്രാ ലോണ്‍ പ്രയോജനപ്പെടുത്തി തുടങ്ങിയ സ്വയംതൊഴില്‍ സംരംഭമാണെന്നും സര്‍വേയില്‍ പറയുന്നു.

തൊഴില്‍ ഉപദേഷ്ടാവ് ബി.എന്‍ നന്ദയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് പിഎംഎംവൈക്ക് കീഴിലുള്ള എല്ലാ കാര്‍ഷികേതര സാമ്പത്തിക പ്രവര്‍ത്തനങ്ങളെയും തൊഴിലവസരങ്ങളെയും കുറിച്ച് സര്‍വേ നടത്തിയത്. തൊഴില്‍ മന്ത്രി അംഗീകരിച്ച റിപ്പോര്‍ട്ട് അടുത്തുതന്നെ പരസ്യപ്പെടുത്തും. 2018 ഏപ്രില്‍ മുതല്‍ നവംബര്‍ വരെ 94,000 ഗുണഭോക്താക്കളിലാണ് സര്‍വ്വേ നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here