Tuesday, April 23, 2024
spot_img

തൊഴിലിടങ്ങളിൽ ശിശു പരിപാലന കേന്ദ്രം: മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിക്കും; പദ്ധതിയുടെ ഭാഗമായുള്ള ആദ്യ ക്രഷ് പട്ടം പി.എസ്.സി. ഓഫീസിൽ

തിരുവനന്തപുരം: ‘തൊഴിലിടങ്ങളിൽ ശിശു പരിപാലന കേന്ദ്രം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ബുധനാഴ്ച നടക്കും. പട്ടം പി.എസ്.സി ഓഫീസിൽ രാവിലെ 11ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. പദ്ധതിയുടെ ഭാഗമായി പി.എസ്.സി. ഓഫീസിൽ സജ്ജമാക്കിയ ആദ്യ ക്രഷിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.

പദ്ധതിയുടെ ആദ്യഘട്ടമായി സർക്കാർ, പൊതുമേഖലാ ഓഫീസുകളിൽ വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഈ വർഷം 25 ക്രഷുകൾ ആരംഭിക്കും. ക്രഷ് ഒന്നിന് 2 ലക്ഷം രൂപ വീതം ആകെ 50 ലക്ഷം രൂപ നടപ്പ് സാമ്പത്തിക വർഷം അനുവദിച്ചിട്ടുണ്ട്. സർക്കാരിന്റെ കീഴിലുള്ള വിവിധ വകുപ്പുകൾ പ്രവർത്തിക്കുന്നതും 50ൽ അധികം ജീവനക്കാർ ജോലിചെയ്യുന്നതുമായ ഓഫീസ് സമുച്ചയങ്ങളിലാണ് ക്രഷ് സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് നടപടികൾ സ്വീകരിച്ചത്. എല്ലാ ജില്ലകളിലും ഈ പദ്ധതി വ്യപിപ്പിക്കും.

കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുന്നതിനും അതിന് വേണ്ട സൗകര്യങ്ങള്‍ പൊതുയിടങ്ങളില്‍ ഒരുക്കുന്നതിനും വേണ്ടിയാണ് തൊഴിലിടങ്ങളില്‍ ശിശു പരിപാലന കേന്ദ്രം പദ്ധതി നടപ്പിലാക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മുലപ്പാല്‍ കുട്ടികളുടെ അവകാശമാണ്. അതുറപ്പാക്കേണ്ടത് എല്ലാവരുടേയും ഉത്തരവാദിത്തമാണ്. അതിനായി തൊഴിലിടങ്ങളില്‍ സൗകര്യമൊരുക്കേണ്ടത് തൊഴിലുടമയുടെ കൂടി ഉത്തരവാദിത്വമാണ്.

തിരുവനന്തപുരം ജില്ലയിലെ കിന്‍ഫ്ര ക്യാമ്പസ്, വെള്ളായണി കാര്‍ഷിക സര്‍വകലാശാല, ആലപ്പുഴ ജില്ലയിലെ കൃഷ്ണപുരം പഞ്ചായത്ത്, എറണാകുളം കളക്ടറേറ്റ്, പാലക്കാട് ചിറ്റൂര്‍ മിനി സിവില്‍ സ്‌റ്റേഷന്‍, കോഴിക്കോട് കളക്ടറേറ്റ്, വയനാട് കല്പ്പറ്റ സിവില്‍ സ്‌റ്റേഷന്‍, കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലും ഉടന്‍ തന്നെ ഈ പദ്ധതി ആരംഭിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

Related Articles

Latest Articles