തൃശ്ശൂർ: ന്യൂസീലന്‍റിലെ ക്രൈസ്റ്റ് ച‍ർച്ചിലെ പള്ളികളില്‍ നടന്ന വെടിവെപ്പിൽ കൊല്ലപ്പെട്ട കൊടുങ്ങല്ലൂർ സ്വദേശി അൻസി അലി ബാവയുടെ മൃതദേഹം തിങ്കളാഴ്ചയോടെ നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ഭർത്താവിന് കൈമാറിയതായി ബന്ധുക്കൾ അറിയിച്ചു. എംബാം ചെയ്ത ശേഷം നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികൾ തുടങ്ങും.

എംബാം ചെയ്ത ശേഷം തിങ്കളാഴ്ചയോടെ മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് അൻസിയുടെ ചെറിയച്ഛൻ നൗഷാദ് പറഞ്ഞു. നോർക്ക അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇന്നോ നാളെയോ മൃതദേഹം എംബാം ചെയ്യുമെന്നാണ് അറിയുന്നത്. പിന്നീടാണ് നാട്ടിലേക്ക് കൊണ്ടു വരിക.

ഭർത്താവ് അബ്ദുൽ നാസറിനൊപ്പം പള്ളിയിലെത്തിയ ആൻസി, ബ്രെന്‍റണ്‍ ടാരന്‍റൻറെ വെടിയേറ്റ് വീഴുകയായിയിരുന്നു. അബ്ദുൽ നാസർ ക്രൈസ്റ്റ് ചര്‍ച്ചിലെ സൂപ്പർ മാർക്കറ്റിലാണ് ജോലി ചെയ്തിരുന്നത്. ഇതിനിടെ അക്രമണത്തില്‍ മരിച്ചവരുടെ എണ്ണം അമ്പതായി. അപകടത്തില്‍ മരിച്ചവരില്‍ ഒരു മലയാളി ഉൾപ്പെടെ അഞ്ച് പേർ ഇന്ത്യക്കാരാണ്. ന്യൂസീലൻഡിൽ കാർഷിക സർവകലാശാല വിദ്യാർത്ഥിനിയായിരുന്ന ആൻസിയ്ക്ക് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. ആന്‍സിയയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.