Tuesday, March 19, 2024
spot_img

ഇടുക്കിയില്‍ പ്രളയത്തിന് ശേഷമുള്ള അവസ്ഥ അതീവ ഗുരുതരം; ജില്ലാ കളക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ഇടുക്കി: കാര്‍ഷിക ജില്ലയായ ഇടുക്കിയില്‍ പ്രളയത്തിന് ശേഷമുള്ള അവസ്ഥ അതീവ ഗുരുതരമെന്ന് ജില്ലാ കളക്ടര്‍ എച്ച്‌. ദിനേശന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ ജില്ലയില്‍ അടുത്തിടെയുണ്ടായ ആത്മഹത്യകളെല്ലാം കര്‍ഷക ആത്മഹത്യകളല്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കൃഷി നശിച്ചതിനാല്‍ കര്‍ഷകര്‍ക്ക് ബാങ്ക് വായ്പ തിരികെ അടയ്ക്കാന്‍ പറ്റാത്ത സാഹചര്യം ഉണ്ട്. ഒന്‍പത് ആത്മഹത്യകളാണ് രണ്ടുമാസത്തിനുള്ളില്‍ ജില്ലയില്‍ ഉണ്ടായത്. ഇതെല്ലാം കര്‍ഷക ആത്മഹത്യകളല്ലെന്നും റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നു. സ്ഥലം ഉള്‍പ്പെടെ ഈട് വെച്ച്‌ വിദ്യാഭ്യാസം, വിവാഹം ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ക്കാണ് കര്‍ഷകര്‍ ലോണെടുക്കുന്നത്. ഇതെല്ലാം അടക്കേണ്ടത് കൃഷിയില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നാണ്. കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ചെറിയ തുകമാത്രമാണ് ലോണ്‍ ലഭിക്കുക. മരിച്ചവരെല്ലാം കര്‍ഷകരാണെന്നിരിക്കെ ഇവരെടുത്ത വായ്പ്പ കാര്‍ഷിക വായ്പ്പയല്ല എന്നു പറഞ്ഞാണ് സര്‍ക്കാരിനെ വെള്ളപൂശുന്ന തരത്തില്‍ ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

ഇടുക്കിയിലെ പ്രത്യേക സാഹചര്യം ചര്‍ച്ച ചെയ്യാന്‍ യോഗം വിളിക്കണമെന്നും റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നുണ്ട്. കഴിഞ്ഞ ദിവസം ജില്ലാ കൃഷി ഡയറക്ടര്‍ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിലും സമീപകാലത്തുണ്ടായ ആത്മഹത്യകളെല്ലാം കര്‍ഷക ആത്മഹത്യകളെന്ന് പറയാനാവില്ലെന്നും എന്നാല്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധി അനുഭവിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു. പ്രളയത്തില്‍ ഇടുക്കി, അടിമാലി ബ്ലോക്കുകളിലാണ് ഏറ്റവും കൂടുതല്‍ കൃഷി നാശനഷ്ടമുണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

ഇതിനിടെ ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചതിന്റെ മനോവിഷമത്തില്‍ വെള്ളിയാഴ്ച നിര്‍മാണത്തൊഴിലാളി ഹൃദയാഘാതം മൂലം മരിച്ചിരുന്നു. വണ്ണപ്പുറം അമ്പലപ്പടി വാഴേക്കുടിയില്‍ ജോസഫ് (72) ആണ് മരിച്ചത്. മകളുടെ വിവാഹ ആവശ്യത്തിന് സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കില്‍ നിന്നെടുത്ത വായ്പ കുടിശിക ആയതിനെത്തുടര്‍ന്ന് ജപ്തി നോട്ടീസ് ലഭിച്ചിരുന്നു.

Related Articles

Latest Articles