തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയലിനുള്ളില്‍ തടവുകാരന്‍റെ ശരീരത്തില്‍ ഉദ്യോഗസ്ഥര്‍ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചതായി പരാതി. മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന ലിയോൺ ജോൺസനെ ഉപദ്രവിച്ചതായാണ് പരാതി. ശരീരത്ത് മുഴുവൻ പൊളളലേറ്റ തടവുകാരന് ചികിത്സ നിഷേധിച്ചതായും ആരോപണമുണ്ട്. സംഭവത്തില്‍ കോടതിയില്‍ പരാതി നല്‍കി.
പരാതിയുടെ അടിസ്ഥാനത്തില്‍ ജയില്‍ അധികൃതരോട് റിപ്പോര്‍ട്ട് നല്‍കാന്‍ ജെഎഫ്എംസി കോടതി നിര്‍ദേശം നല്‍കി. പ്രതിക്കാവശ്യമായ വൈദ്യസഹായം നല്‍കണമെന്നും ഉത്തരവുണ്ട്. ഈ മാസം 29ന് റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി നിര്‍ദേശം.
അതേസമയം, ആരോപണം തള്ളി ജയില്‍ സൂപ്രണ്ട് രംഗത്തെത്തി. ഉദ്യോഗസ്ഥർ ചൂടുവെള്ളം ഒഴിച്ചതല്ലെന്ന് ജയിൽ സൂപ്രണ്ട് പറഞ്ഞു. മയക്കുമരുന്ന് പിടികൂടിയത് ചോദ്യം ചെയ്യുന്നതിനിടെ ലിയോണിന്‍റെ കൈ കൊണ്ട് കുടിക്കാൻ വച്ചിരുന്ന വെള്ളം ശരീരത്ത് വീഴുകയായിരുന്നുവെന്നും ജയില്‍ സൂപ്രണ്ട് വിശദീകരിച്ചു.