ദില്ലി:ഇനി മുതൽ രാജ്യത്ത് റിപ്പബ്ലിക് ദിനാഘോഷം ജനുവരി 23ന് തുടങ്ങുമെന്ന് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ.

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം കൂടി ഉൾപ്പെടുത്തിയാണ് സർക്കാർ ഈ ഒരു തീരുമാനമെടുത്തത്.

ജനുവരി 24ന് പകരം ജനുവരി 23 തീയതി മുതൽ ആഘോഷങ്ങൾ ആരംഭിക്കുമെന്ന് കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

മുമ്പ് സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനം പരാക്രം ദിവസായി ആഘോഷിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു.1897 ജനുവരി 23നാണ് സുഭാഷ് ചന്ദ്രബോസിന്റെ ജനനം.

നേതാജിയുടെ ജീവിതം ഇന്ത്യൻ സ്വാതന്ത്ര്യ സമരപോരാട്ട ചരിത്രത്തിൽ ഉജ്വലമായ പോരാട്ട വീര്യം കൊണ്ടും ഒപ്പം ഇന്നും തെളിയിക്കപ്പെടാത്ത തിരോധാനം കൊണ്ടും ശ്രദ്ധേയമാണ്’

അതേസമയം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ഇത്തവണ 24,000 പേർക്കാണ് പങ്കെടുക്കാൻ ചടങ്ങിൽ അനുമതിയുണ്ടാവുക. കഴിഞ്ഞ വർഷം 25,000 പേർക്ക് അനുമതിയുണ്ടായിരുന്നു. കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ രാജ്യത്ത് ഇത് രണ്ടാം തവണയാണ് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്.

ചടങ്ങിൽ 24000 പേരിൽ മുതിർന്ന ഉദ്യോഗസ്ഥർ, സർക്കാർ ഉദ്യോഗസ്ഥർ, കുട്ടികൾ, ഏജൻസി കേഡറ്റുകൾ, അംബാസിഡർമാർ, രാഷ്‌ട്രീയ നേതാക്കൾ എന്നിവർ ഉൾപ്പെടും. സാധാരണയായി 1.25 ലക്ഷം പേരാണ് റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കെടുക്കുക.