Thursday, March 28, 2024
spot_img

മേജര്‍ രവിയുടെ കോടതിയലക്ഷ്യ ഹര്‍ജി: അനധികൃത കെട്ടിടങ്ങളുടെ പട്ടിക ആവശ്യപ്പെട്ട് സര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്

ദില്ലി: സംസ്ഥാനത്തെ അനധികൃത കൈയേറ്റങ്ങളുടെയും, തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച കെട്ടിടങ്ങളുടെയും പട്ടിക സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിയ്ക്ക് സുപ്രീം കോടതിയുടെ നിര്‍ദേശം. ആറാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. അടുത്തമാസം 23 നാണ് ഇനി ഈ കേസ് പരിഗണിക്കുക.

തീരദേശ പരിപാലന നിയമം ലംഘിച്ച് കേരളത്തില്‍ നിര്‍മിച്ച മുഴുവന്‍ കെട്ടിടങ്ങളുടെയും പട്ടിക കോടതിക്ക് കൈമാറുന്നില്ലെന്ന് കാണിച്ച് മേജര്‍ രവി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് നടപടി. മരടിലെ പൊളിച്ച് മാറ്റിയ ഫ്‌ളാറ്റുകളില്‍ ഒരെണ്ണം മേജര്‍ രവിയുടേതാണ്. ഫ്‌ളാറ്റ് പൊളിച്ചു നീക്കരുതെന്ന് മേജര്‍ രവിയുള്‍പ്പെടെയുള്ള നിരവധി പ്രമുഖര്‍ അന്ന് ആവശ്യപ്പെട്ടിരുന്നു.

മരടിലെ അനധികൃത കൈയേറ്റ ഫ്‌ലാറ്റുകളിലെ കോടതി നടപടികളുമായി ബന്ധപ്പെട്ട് തീരദേശ നിയമം ലംഘിച്ച് നിര്‍മിച്ച സംസ്ഥാനത്തെ മുഴുവന്‍ കെട്ടിടങ്ങളുടെയും പട്ടിക സമര്‍പ്പിക്കാന്‍ നേരത്തെ ചീഫ് സെക്രട്ടറിക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു. നാലുമാസത്തെ സമയവും നല്‍കിയിരുന്നു. എന്നാല്‍ അനുവദിച്ച സമയം കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെന്ന് കാണിച്ചാണ് മേജര്‍ രവി കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചത്.

Related Articles

Latest Articles