Friday, April 19, 2024
spot_img

തിരുവാതിരയും ഗാനമേളയുമായി മരണത്തെ സ്വീകരിക്കുന്നവർ

അമേരിക്കയിൽ ചികിത്സയിൽ കഴിയുന്ന മുഖ്യമന്ത്രി അടക്കം ഓൺലൈനായി പങ്കെടുത്ത സംസ്ഥാനത്തിന്റെ കോവിഡ് അവലോകന യോഗം ഇന്നലെ നടന്നിരുന്നു. കൊറോണ പ്രധാനമായും പുറത്തേക്കിറങ്ങി ആളുകളെ ആക്രമിക്കുന്ന വരുന്ന 23, 30 തീയതികളിൽ ലോക്ക്ഡൌൺ ഏർപ്പെടുത്തി. കൂടാതെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന കോവിഡ് രോഗികളുടെ എന്നതിന്റെ അടിസ്ഥാനത്തിൽ ജില്ലകളെ എ ബി സി എന്നിങ്ങനെ തരാം തിരിച്ച് വിവിധ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വിവാഹവും മരണവും ഒഴികെയുള്ള പൊതു ചടങ്ങുകൾക്കാണ് പ്രധാനമായും നിയന്ത്രണങ്ങൾ. ചില ജില്ലകളിൽ ഇത്തരം പരിപാടികൾക്ക് അമ്പതിൽ താഴെ ആളുകളെ പാടുള്ളു ചില ജില്ലകളിൽ അത്തരം പൊതു പരിപാടികളേ നടത്താൻ പാടില്ല. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട, വയനാട് തുടങ്ങിയ ജില്ലകളിൽ യാതൊരു പൊതു പരിപാടിയും പാടില്ല.

പക്ഷെ സിപിഐഎം ജില്ലാ സമ്മേളനങ്ങൾ നടക്കാനിരിക്കുന്ന ജില്ലകളെ ഇത്തരം കടുത്ത നിയന്ത്രണങ്ങളുള്ള ജില്ലകളിൽ നിന്ന് തന്ത്രപൂർവ്വം ഒഴിവാക്കിയിരിക്കുന്നു. കാസർകോട് ജില്ലയിൽ നാളെയാണ് സമ്മേളനം 150 പ്രതിനിധികളാണ് പങ്കെടുക്കേണ്ടത്. പൊതുപരിപാടികൾ എല്ലാം നിരോധിച്ച് ഉത്തരവിറക്കിയതിനു ശേഷം ജില്ലാ സമ്മേളനങ്ങൾ കണക്കിലെടുത്ത് ആ ഉത്തരവ് പിൻവലിച്ചു. വലിയ രാഷ്ട്രീയ സമ്മർദ്ദങ്ങൾ ജില്ലാ ഭരണകൂടത്തിന് മുകളിൽ ഉണ്ടായി എന്ന് വ്യക്തമാണ്. പുതുക്കിയ ഉത്തരവനുസരിച്ച് പൊതു പരിപാടികൾ തുറസ്സായ സ്ഥലങ്ങളിലാണെങ്കിൽ 150 പേർക്കും അടച്ചിട്ട ഹാളുകളിലാണെങ്കിൽ 75 പേർക്കും പങ്കെടുക്കാം. പുതിയ ഉത്തരവ് പ്രകാരമാണെങ്കിൽ പോലും നടക്കാൻ പോകുന്ന സമ്മേളനം കോവിഡ് പ്രോട്ടോകോളുകളുടെ ലംഘനമാകും. സംസ്ഥാനം ഭരിക്കുന്ന പാർട്ടി തന്നെ ഭരണ സ്വാധീനം ഉപയോഗിച്ച് ഒരടിയന്തിര ഘട്ടത്തിൽ സമൂഹത്തിൽ സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ലംഘിക്കുന്നത് ചെറിയ കാര്യമല്ല. അതി തീവ്ര കോവിഡ് വ്യാപനമുള്ള 30 നു മുകളിൽ ടിപി ആറുള്ള തൃശൂർ ജില്ലയിൽ സമ്മേളനം നടക്കാൻ പോകുന്നത് 175 പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ടാണ്. ഈ രണ്ട് ജില്ലകളിലും സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ലംഘിക്കാൻ തയ്യാറെടുത്ത് നിൽക്കുകയാണ് ഭരണകക്ഷി. കോവിഡ് പ്രതിരോധം ഒരു സർക്കാർ ജനങ്ങളെ അണിനിരത്തി ചെയ്യേണ്ട ഒരു കാര്യമാണ്. പക്ഷെ കേരളത്തിൽ ഏകപക്ഷീയമായ നിയന്ത്രണങ്ങളും തീരുമാനങ്ങളും ഏർപ്പെടുത്തുകയാണ് സർക്കാർ സാമ്പത്തിക നഷ്ടം സഹിച്ചും ജീവനോപാധികൾ ഇല്ലാതാക്കിയും വീടുകളിൽ അടച്ചിരിക്കാൻ നിർദ്ദേശിച്ചിട്ട് പാർട്ടി സമ്മേളനവും തിരുവാതിരയും ഗാനമേളയുമായി മുന്നോട്ടു പോകുന്നത് നിരുത്തരവാദപരമാണ്. പാർട്ടിക്ക് അതിന്റെ സമ്മേളനങ്ങൾ പ്രധാനമായിരിക്കാം പക്ഷെ പൊതുജനങ്ങൾക്ക് അവരുടെ ജീവനോപാധിയും പ്രധാനമാണെന്ന് സർക്കാർ മനസിലാക്കണം. പക്ഷെ ഭരണകക്ഷിക്ക് ഒരു നിയമം മറ്റു കക്ഷികൾക്ക് മറ്റൊരു നിയമം സാമാന്യ ജനത്തിന് വേറൊരു നിയമം എന്നത് ജനാധിപത്യപരമല്ല. ഈ രാജ്യത്ത് ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്ത സംസ്ഥാനമാണ് കേരളം. മാത്രമല്ല ദീർഘകാലമായി വ്യാപനത്തിൽ ഒരു കുറവും കാണാത്ത സംസ്ഥാനം കൂടിയാണ് നമ്മുടേത് . രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നതിൽ പലപ്പോഴും 50 % ഈ കൊച്ചു കേരളത്തിൽ നിന്നാണ്. പ്രതിരോധ മാർഗ്ഗങ്ങളിലെ അശാസ്ത്രീയത മുതൽ സിപിഐ എമ്മിന്റേതുപോലുള്ള ധാർഷ്ട്യവുമെല്ലാം കാരണം സംസ്ഥാനത്തിന്റെ പ്രതിരോധ സംവിധാനങ്ങളെല്ലാം മഹാമാരിക്ക് മുന്നിൽ തകർന്നടിയുകയാണ്. ആയിരങ്ങൾ മരിച്ചു വീണിട്ടും പാഠം പഠിക്കാതെ മുന്നേറുന്ന ഈ പാർട്ടി കേരളത്തിൽ മരണത്തിൻറെ വ്യാപാരിയാകുകയാണ്.

Related Articles

Latest Articles