Tuesday, April 16, 2024
spot_img

വായ്പ തിരിച്ചടക്കാനാകാത്ത മനോവിഷമം; കരുവന്നൂരില്‍ ഒരാൾ കൂടി ജീവനൊടുക്കി

കരുവന്നൂർ: കരുവന്നൂരില്‍ ലോൺ തിരിച്ചടക്കാനാകാത്ത മനോവിഷമത്തിൽ ഗൃഹനാഥൻ (Suicide)ആത്മഹത്യ ചെയ്തു. തളികക്കോണം സ്വദേശി ജോസാണ് മരിച്ചത്. കല്‍പ്പണിക്കാരനായ ജോസ് മകളുടെ വിവാഹാവശ്യത്തിനായി നാല് ലക്ഷം രൂപ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് വായ്പയെടുത്തിരുന്നു. സാമ്പത്തിക പ്രതിസന്ധികൾ മൂലം ജോസിന് ലോൺ തിരിച്ചടക്കാൻ കഴിഞ്ഞിരുന്നില്ല. അടവ് മുടങ്ങിയതോടെ പലിശയടക്കം തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് നോട്ടീസയച്ചു. ഇതിന്റെ മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

ബാങ്കില്‍ നിന്ന് വായ്പയെടുത്ത രണ്ടാമത്തെയാളാണ് ആത്മഹത്യ ചെയ്യുന്നത്. നേരത്തെ മുകുന്ദൻ എന്നൊരാളും സമാനമായ രീതിയിൽ ആത്മഹത്യ ചെയ്തിരുന്നു. ബാങ്കില്‍ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് വന്‍ പ്രതിസന്ധിയുണ്ടായ സാഹചര്യത്തിലാണ് കുടിശികയുള്ള തുക തിരിച്ചുപിടിക്കാന്‍ ബാങ്ക് അധികൃതര്‍ ശ്രമം നടത്തിയത്.

കരുവന്നൂരില്‍ നടന്നത് കേരളം കണ്ട എറ്റവും വലിയ കുംഭകോണം

100 കോടിയിലേറെ രൂപയുടെ തട്ടിപ്പ് (Karuvannur Kumbakonam) നടന്നെന്ന് പരാതികിട്ടിയ കരുവന്നൂര്‍ സഹകരണബാങ്കില്‍ അഞ്ചുവര്‍ഷത്തിനിടെ നടന്നത് 300കോടിയുടെ തിരിമറി. 2018 -19ലെ ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം ബാങ്കിന് ആ വര്‍ഷം 401.78 കോടിയുടെ നിക്ഷേപവും 437.71 കോടിയുടെ വായ്പയുമുണ്ട്. ആ വര്‍ഷത്തെ മാത്രം പ്രവര്‍ത്തനനഷ്ടം 13.73 കോടിയാണ്. സഹകരണ സൊസൈറ്റി നിയമപ്രകാരം നിക്ഷേപങ്ങളുടെ 70 ശതമാനം വരെ മാത്രമേ വായ്പയായി അനുവദിക്കാവൂ എന്നിരിക്കേ, ഈ ബാങ്ക് അതിനേക്കാള്‍ ഏറെ നല്‍കിയതായാണ് കണ്ടെത്തിയിരിക്കുന്നത്. നിക്ഷേപ – വായ്പാ അനുപാതം കാത്തുസൂക്ഷിക്കാതെ വ്യാപക ക്രമക്കേട് നടത്തിയതാണ് ബാങ്കിന്റെ നിലനില്പിനെ ബാധിച്ചത്.

ബാങ്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് മനസ്സിലാക്കി, 2018-ല്‍ മാത്രം നിക്ഷേപകര്‍ 100 കോടി ഇവിടെനിന്ന് പിന്‍വലിച്ചതോടെ ബാങ്കിന് പിടിച്ചുനില്‍പ്പ് പ്രശ്നമായി. അതോടെ ദൈനംദിനപ്രവര്‍ത്തനത്തിനുള്ള പണം കണ്ടെത്താനായി ബാങ്ക് പണിപ്പെട്ടുതുടങ്ങി. ചെറുകിട നിക്ഷേപങ്ങള്‍ സമാഹരിക്കുകയും യഥാര്‍ഥ ഇടപാടുകാരെക്കൊണ്ട് നിര്‍ബന്ധപൂര്‍വം വായ്പ തിരിച്ചടപ്പിക്കുകയും ചെയ്തു. ഈടില്ലാതെയും ഒരു ഈടിന്മേല്‍ ഒന്നിലധികം വായ്പ നല്‍കിയുമാണ് തട്ടിപ്പ് നടത്തിയത്. ബാങ്കിലെ ജീവനക്കാര്‍ക്ക് സാധാരണഗതിയില്‍ സഹകരണബാങ്കുകളില്‍ അംഗത്വം നല്‍കാറില്ലെങ്കിലും പ്രത്യേക ഉത്തരവിലൂടെ ‘സി’ ക്ലാസ് അംഗത്വം നല്‍കി വായ്പ അനുവദിക്കുകയായിരുന്നു.

Related Articles

Latest Articles