Thursday, April 25, 2024
spot_img

ഗൗതം ഗംഭീറിന് വധഭീഷണി സന്ദേശമെത്തിയത് പാക്കിസ്ഥാനിൽ നിന്നും: ദില്ലി പോലീസ്

ഇന്ത്യന്‍ മുന്‍ ഓപ്പണറും ലോക്സഭാ എംപിയുമായ ഗൗതം ഗംഭീറിനും കുടുംബത്തിനും നേര്‍ക്ക് വധഭീഷണി സന്ദേശം അയച്ചത് പാക്കിസ്ഥാനിലെ കോളേജ് വിദ്യാര്‍ത്ഥി. ദില്ലിയിലെ പൊലീസ് സൈബര്‍ സെല്ലാണ് ഇക്കാര്യം അറിയിച്ചത്. ഷഹീദ് ഹമീദി എന്ന യുവാവാണ് ഈ മെയില്‍ ഉണ്ടാക്കിയത്. ഇത് കറാച്ചിയില്‍ നിന്നാണ് അയച്ചിരിക്കുന്നത്. യുവാവിന് 25നുള്ളില്‍ പ്രായമാണ് ഉള്ളത്. കറാച്ചി സിന്ധ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയാണ് ഇയാള്‍.

“ഞങ്ങൾ നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും കൊല്ലാൻ പോകുന്നു,”എന്നാണ് ആദ്യത്തെ ഇമെയിൽ പറഞ്ഞത്.

രണ്ടാമത്തെ മെയിലിൽ ഗംഭീറിന്റെ കുടുംബ വീടിന് പുറത്ത് ചിത്രീകരിച്ച വീഡിയോയുടെ അറ്റാച്ച്‌മെന്റ് ഉൾപ്പെടുത്തിയിട്ടുണ്ട്. ”ഞങ്ങൾ നിങ്ങളെ കൊല്ലാൻ ഉദ്ദേശിച്ചിരുന്നു, പക്ഷേ നിങ്ങൾ ഇന്നലെ രക്ഷപ്പെട്ടു. നിങ്ങളുടെ കുടുംബത്തിനൊപ്പമുള്ള ജീവിതത്തെ സ്നേഹിക്കുന്നുണ്ടെങ്കിൽ രാഷ്ട്രീയത്തിൽ നിന്നും കശ്മീർ വിഷയത്തിൽ നിന്നും വിട്ടു നിൽക്കുക,” എന്നാണ് പറയുന്നത്.

ഗംഭീറിന്റെ ഔദ്യോഗിക ഇമെയിലിലേക്കാണ് സന്ദേശം എത്തിയത്. സംഭവത്തിൽ ദില്ലി പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഗൗതം ഗംഭീറിനും കുടുംബത്തിനും കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. മാത്രമല്ല സുരക്ഷ ക്രമീകരണങ്ങള്‍ കടുപ്പിക്കുകയും ദില്ലി ഡിസിപി ശ്വേത ചൗഹാന്‍ അന്വേഷണം ആരംഭിക്കുകയും ചെയ്‌തതോടെയാണ്‌ യുവാവിനെ പിടികൂടിയത്.

ഭീഷണിക്ക് പിന്നിൽ കാര്യമായ ലക്ഷ്യമൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു. അയച്ച വീഡിയോ യുട്യൂബിൽ നിന്നുള്ളതാണെന്നും 2020 നവംബറിൽ ഗംഭീർ അനുകൂലി അപ്‌ലോഡ് ചെയ്തതാണെന്നും അവർ വെളിപ്പെടുത്തി. വിഷയത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ തുടർനടപടികൾക്കായി കണ്ടെത്തലുകൾ കേന്ദ്ര ഇന്റലിജൻസ് സംഘങ്ങളുമായി പങ്കിടുമെന്നും പോലീസ് അറിയിച്ചു.

Related Articles

Latest Articles