Thursday, March 28, 2024
spot_img

ഇന്ത്യയില്‍ നിന്നും മറ്റൊരു രാജ്യത്തേയ്ക്ക് ബസിൽ യാത്ര ചെയ്ത് പോയാലോ ? ദില്ലി – കാഠ്മണ്ഡു ബസ് യാത്ര പുനരാരംഭിച്ചു , തയ്യാറെടുക്കാം വ്യത്യസ്തമായ ഒരു റോഡ് ട്രിപ്പിന്

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ദില്ലി -കാഠ്മണ്ഡു ബസ് സര്‍വീസുകള്‍ ഈ വർഷം ജൂണിൽ പുനരാരംഭിച്ചതോടെ ദില്ലിയിൽ നിന്ന് നേപ്പാളിലേക്കുള്ള യാത്ര കൂടുതല്‍ എളുപ്പവും സൗകര്യപ്രദവുമായി.മാറിക്കയറുന്ന ബുദ്ധിമുട്ടുകളോ ചെക്കിങ്ങുകളോ ഇല്ലാതെ സൗകര്യപ്രദമായി ദില്ലിയില്‍ നിന്നും നേപ്പാളിന്‍റെ തലസ്ഥാനമായ കാഠ്മണ്ഡുവിലേക്കുള്ള ബസ് യാത്ര സഞ്ചാരികളുടെ ഇടയില്‍ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഇന്ത്യ-നേപ്പാൾ അതിർത്തിക്കടുത്തുള്ള വിവിധ ട്രാൻസിറ്റ് പോയിന്റുകളിൽ ബസുകളോ ട്രെയിനുകളോ മാറാതെ നേരിട്ട് കരമാര്‍ഗ്ഗം എത്താം എന്നതു തന്നെയാണ് ഈ യാത്രയുടെ പ്രത്യേകത.

പരമാവധി കാഴ്ചകള്‍ കാണുവാന്‍ സാധിക്കുന്ന വിധത്തില്‍ പകല്‍ സമയമാണ് ബസ് ഓടുന്നത്. ദില്ലി ഗേറ്റിലെ ഡോ. അംബേദ്കർ സ്റ്റേഡിയം ബസ് ടെർമിനലിൽ നിന്ന് രാവിലെ 10 മണിക്ക് ആരംഭിക്കുന്ന യാത്ര ദില്ലി-ആഗ്ര-കാൺപൂർ-ലക്‌നൗ റൂട്ടിൽ ആണ് പോകുന്നത്. ബസ് ലഖ്‌നൗ എക്‌സ്‌പ്രസ്‌വേ വഴി പോകുന്നതിനാല്‍ 49 കിലോമീറ്റര്‍ യാത്രാ കുറഞ്ഞുകിട്ടുന്നു.അതേസമയം ദില്ലിയിലെ മജ്നു കാ തിലയിൽ നിന്ന് പുലർച്ചെ 5 മണിക്ക് ബസ് യാത്ര തുടങ്ങുന്ന വിധത്തിലും ഒരു പ്ലാന്‍ ഉണ്ട്. ഇതില്‍ രാവിലെ 6 മണിക്ക് ഡോ അംബേദ്കർ സ്റ്റേഡിയം ബസ് ടെർമിനലിൽ നിന്ന് യാത്രക്കാരെ എടുത്ത് 7 മണിക്ക് കാഠ്മണ്ഡുവിലേക്കുള്ള യാത്ര ആരംഭിക്കും.

ഏകദേശം 30 മണിക്കൂര്‍ നേരമാണ് ദില്ലിയില്‍ നിന്നും കാഠ്മണ്ഡുവിലേക്കുള്ള ബസ് യാത്രയ്ക്കെടുക്കുന്നത്. 1250 കിലോമീറ്റര്‍ ദൂരമാണ് ഇതില്‍ പിന്നിടുവാനുള്ളത്. താമസിച്ച് യാത്ര ആരംഭിക്കുംതോറും അതിര്‍ത്തി കടന്നുകിട്ടുവാനുള്ള സമയത്തില്‍ മാറ്റമുണ്ടാവുകയും ചിലപ്പോള്‍ കൂടുതല്‍ സമയം കാത്തികിടക്കുകയും വേണ്ടിവന്നേക്കാം.അതേസമയം യാത്ര രാവിലെ 7 മണിക്ക് ആരംഭിക്കുകയാണെങ്കില്‍ അതേ ദിവസം രാത്രിയോടെ ഇന്ത്യ അതിര്‍ത്തി കടന്ന് നേപ്പാളില്‍ പ്രവേശിക്കുവാന്‍ കഴിയും. അതോടെ യാത്രാ സമയം യാത്രാ സമയം 5 മുതൽ 6 മണിക്കൂർ വരെ കുറയുകയും ചെയ്യും.

Related Articles

Latest Articles