തിരുവനന്തപുരം: സസ്പെൻഷനില്‍ തുടരുന്ന ഡിജിപി ജേക്കബ് തോമസ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്നു. ചാലക്കുടി മണ്ഡലത്തിൽ ട്വന്‍റി 20 മുന്നണിയുടെ സ്ഥാനാർഥിയായാണ് ജേക്കബ് തോമസ് മത്സരിക്കുന്നത്. ഇടത് സ്ഥാനാർഥി ഇന്നസെന്‍റിനെതിരെ പ്രധാനപ്രചാരണം നടത്താനാണ് ജേക്കബ് തോമസ് ലക്ഷ്യമിടുന്നത്. കേരളത്തിന്‍റെ ചരിത്രത്തിലാദ്യമായാണ് സസ്പെൻഷനിലുള്ള ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ, അതും ഡിജിപി റാങ്കിലുള്ളയാൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.

കേരളാ കാഡറിലെ ഏറ്റവും സീനിയറായ ഐപിഎസ് ഉദ്യോഗസ്ഥൻ നിലവിൽ ജേക്കബ് തോമസാണ്. എന്നാൽ 2017 ഡിസംബർ മുതൽ ജേക്കബ് തോമസ് സസ്പെൻഷനിലാണ്. ജോലി രാജിവച്ചാണിപ്പോൾ ജേക്കബ് തോമസ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്.

കിഴക്കമ്പലം പഞ്ചായത്തിൽ നല്ല സ്വാധീനമുള്ള കൂട്ടായ്മയാണ് ട്വന്‍റി 20. പ്രാദേശികതെരഞ്ഞെടുപ്പിൽ സീറ്റുകൾ വാരിയിരുന്നു. ഈ സാഹചര്യത്തിൽ ഇടത് മുന്നണി സ്ഥാനാർഥി ഇന്നസെന്‍റിന് ഒരു വെല്ലുവിളിയുയർത്താൻ ജേക്കബ് തോമസിന് കഴിഞ്ഞേക്കുമെന്നാണ് വിലയിരുത്തൽ.