Thursday, April 18, 2024
spot_img

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘ഓളവും തീരവും’എത്തുന്നത് ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍;നെറ്റ്ഫ്‌ളിക്‌സിന് വേണ്ടി 50 മിനിട്ട് ദൈര്‍ഘ്യത്തിലാണ് സിനിമ ഒരുങ്ങുന്നത്

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘ഓളവും തീരവും’ എത്തുന്നത് ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍. നെറ്റ്ഫ്‌ളിക്‌സിന് വേണ്ടി 50 മിനിട്ട് ദൈര്‍ഘ്യത്തിലാണ് ഓളവും തീരവും ഒരുങ്ങുന്നത്. 1957ല്‍ പുറത്തിറങ്ങിയ എം.ടി വാസുദേവന്‍ നായരുടെ ‘ഓളവും തീരവും’ എന്ന ചെറുകഥയാണ് പ്രിയദര്‍ശന്‍ പുനരാവിഷ്‌കരിക്കുന്നത്.

‘ഓളവും തീരവും’ പിന്നീട് പി.എന്‍ മേനോന്‍ സിനിമയാക്കി. മധുവും ഉഷാ നന്ദിനിയും പ്രധാന വേഷങ്ങളിലെത്തിയ സിനിമ മലയാളത്തിലെ ഹിറ്റുകളിലൊന്നായി മാറി. മധു അവതരിപ്പിച്ച ബാപ്പൂട്ടി എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുക. ജോസ് പ്രകാശ് അനശ്വരമാക്കിയ കുഞ്ഞാലിയെന്ന പ്രതിനായക വേഷം കൈകാര്യം ചെയ്യുന്നത് ഹരീഷ് പേരടിയാണ്.

പൂര്‍ണ്ണമായും സ്റ്റുഡിയോയ്ക്ക് പുറത്ത് ചിത്രീകരിച്ച ആദ്യ മലയാള ചലച്ചിത്രമായ ഓളവും തീരവും അമ്പത്തിമൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം പുനഃസൃഷ്ടിക്കുകയാണ് പ്രിയദര്‍ശന്‍. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ഓളവും തീരവും.

എം.ടി വാസുദേവന്‍ നായരുടെ കഥകള്‍ കോര്‍ത്തിണക്കിയുള്ള ആന്തോളജിയിലെ മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ലുങ്കി ഉടുത്ത് തലയില്‍ കെട്ടുമായി പെരുമഴയില്‍ ഒറ്റയ്ക്ക് ചങ്ങാടം തുഴയുന്ന മോഹന്‍ലാലിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു.

Related Articles

Latest Articles