Saturday, April 20, 2024
spot_img

രാജ്യത്ത് മരുന്നുകൾക്ക് ഈ വര്‍ഷം അവസാനം വരെ ഇളവ് നല്‍കും; തീരുമാനം പ്രഖ്യാപിച്ചത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍

ദില്ലി: രാജ്യത്തെ കോവിഡ് മരുന്നുകള്‍ക്കുള്ള നികുതി ഇളവുകള്‍ ഈ വര്‍ഷം അവസാനം വരെ നീട്ടാന്‍ തീരുമാനമായെന്ന് റിപ്പോര്‍ട്ട്. ലക്നൗവില്‍ നടക്കുന്ന ചരക്ക് സേവന നികുതി കൗണ്‍സില്‍ യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായെന്നാണ് ദേശീയ മാധ്യമങ്ങള്‍ ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വര്‍ഷം ഡിസംബര്‍ 31 വരേയാകും ഇളവുകള്‍ തുടരുക എന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

ലക്നൗവില്‍ 45-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗമാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. കോവിഡ് വ്യാപനത്തിന് ശേഷം ഓണ്‍ലൈനില്‍ അല്ലാതെ നടക്കുന്ന ആദ്യ ജിഎസ്ടി കൗണ്‍സില്‍ യോഗമാണ് ഇന്നത്തേത്.

അതേസമയം നികുതി ഇളവിന് കൂടുതല്‍ കോവിഡ് പ്രതിരോധ മരുന്നുകളെ കൂടി അര്‍ഹരാക്കിയിട്ടുണ്ടെന്നും പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കൂടാതെ ഡിസംബര്‍ 31 വരെ പല മരുന്നുകളുടെയും ജിഎസ്ടി നിരക്കുകള്‍ 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറച്ചുകൊണ്ട് ഇളവ് നീട്ടുകയും ചെയ്തിട്ടുണ്ട്.

ഇറ്റോലിസുമാബ്, പോസകോണസോള്‍, ഇന്‍ഫ്‌ളിക്‌സിമാബ്, ബാംലാനിവിമാബ് ആന്‍ഡ് എറ്റെസെവിമാബ്, കാസിരിവിമാബ് ആന്‍ഡ് ഇംദേവിമാബ്, 2-ഡിയോക്‌സി-ഡി-ഗ്ലൂക്കോസ്, ഫാവിപിരവിര്‍ എന്നിവയും ഇളവിന് അര്‍ഹരായ മരുന്നുകളുടെ പട്ടികയിലുണ്ട്.

മാത്രമല്ല നാല് മരുന്നുകളോടൊപ്പം തന്നെ കോവിഡ് 19 ചികിത്സയില്‍ ഉപയോഗിക്കുന്ന ചില മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും സെപ്റ്റംബര്‍ 30 വരെ ജിഎസ്ടി നിരക്കില്‍ ഇളവ് നല്‍കുമെന്ന് കൗണ്‍സില്‍ നേരത്തെ തീരുമാനിച്ചിരുന്നു.

Related Articles

Latest Articles