Efforts to put out the fire at the Brahmapuram plant continue; new vehicles with waste are stopped; Indefinite strike from tomorrow
Fire Force Criticises Corporation For Not Delivering Enough Hitachi To Douse Fire

കൊച്ചി : ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ മാലിന്യ കൂമ്പാരത്തിൽ പടർന്നു പിടിച്ച തീ പൂർണ്ണമായും വയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇവിടെ നിന്ന് ഉയരുന്ന പുക ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന ആശങ്ക നിലനിൽക്കുന്നതിനിടെ ഇവിടേക്കു മാലിന്യവുമായി പുതുതായി എത്തിയ വാഹനങ്ങള്‍ ജനപ്രതിനിധികൾ തടഞ്ഞു. പുത്തന്‍കുരിശ്, കുന്നത്തുനാട് പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിലാണ് വാഹനങ്ങള്‍ തടഞ്ഞത്. സംഭവത്തിൽ നാളെ മുതല്‍ അനിശ്ചിത കാല സമരം തുടങ്ങുമെന്ന് ജനകീയ സമരസമിതി അറിയിച്ചു.

വിഷപ്പുകയും കാറ്റും ഉയര്‍ത്തുന്ന വെല്ലുവിളിക്കിടയില്‍ ബ്രഹ്മപുരം പ്ലാന്‍റിലെ തീയണയ്ക്കാന്‍ അഗ്നിരക്ഷാസേനയും നേവിയുടെയും പോര്‍ട്ട് ട്രസ്റ്റിന്‍റേതുമടക്കം മുപ്പതിലേറെ യൂണിറ്റുകളും ഇരുനൂറിലേറെ ഉദ്യോഗസ്ഥരുമാണ് തീയണയ്ക്കാന്‍ അഹോരാത്രം പരിശ്രമിക്കുന്നത്. തീപിടിത്തമുണ്ടായ 75 ഏക്കര്‍ പ്രദേശത്തെ 12 മേഖലകളായി വിഭജിച്ചാണ് തീയണയ്ക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
ദിശമാറി വീശുന്ന ശക്തമായ കാറ്റാണ് ദൗത്യത്തിന് പ്രധാനവെല്ലുവിളി. തീപിടിത്തം അട്ടിമറിയാണെങ്കില്‍ അതിന്‍റെ കാരണക്കാരെ നിയമത്തിനു മുന്നിൽ കൊണ്ട് വരുമെന്ന് പൊലീസ് വ്യക്തമാക്കി.