Saturday, April 20, 2024
spot_img

എൻജിൻ തകരാർ; ഇന്ത്യയിൽനിന്ന് യുഎസിലേക്ക് പോയ എയർ ഇന്ത്യ വിമാനം അടിയന്തരമായി റഷ്യയിൽ ഇറക്കി, നിരീക്ഷിച്ച് യുഎസ്

ന്യൂയോർക്ക്: ഇന്ത്യയിൽനിന്ന് യുഎസിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം എൻജിൻ തകരാറു മൂലം അടിയന്തരമായി റഷ്യയിൽ ഇറക്കിയതിൽ പ്രതികരണവുമായി യുഎസ് അധികൃതർ. സംഭവം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് യുഎസ് അറിയിച്ചു. ദില്ലിയിൽ നിന്ന് യുഎസിലെ സാൻ ഫ്രാൻസിസ്കോയിലേക്ക് പോയ AI173 നമ്പർ എയർ ഇന്ത്യ വിമാനമാണ് ചൊവ്വാഴ്ച റഷ്യയിലെ മഗദാനിൽ അടിയന്തര ലാൻഡിങ് നടത്തിയത്. 216 യാത്രക്കാരും 16 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ, ഇന്നലെ വൈകിട്ടാണ് ഇക്കാര്യം വ്യക്തമാക്കി പ്രസ്താവന ഇറക്കിയത്.

‘‘യുഎസിലേക്ക് പുറപ്പെട്ട വിമാനം റഷ്യയിൽ അടിയന്തര ലാൻഡിങ് നടത്തിയ വിവരം അറിഞ്ഞു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. അടിയന്തര ലാൻഡിങ് നടത്തുമ്പോൾ വിമാനത്തിൽ എത്ര യുഎസ് പൗരൻമാരുണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടില്ല.’ – യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് വേദാന്ത് പട്ടേൽ അറിയിച്ചു.

‘‘യുഎസിലേക്കു വന്ന വിമാനമാണ് അടിയന്തര ലാൻഡിങ്ങിന് നിർബന്ധിതമായത്. അതുകൊണ്ട് വിമാനത്തിൽ യുഎസ് പൗരൻമാർ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. യാത്രക്കാരെ ഇവിടേക്ക് എത്തിക്കാനായി എയർ ഇന്ത്യ പകരം വിമാനം അവിടേക്ക് അയയ്ക്കുന്നുണ്ടെന്നാണ് എന്റെ അറിവ്’ എന്ന് പട്ടേൽ പറഞ്ഞു.

Related Articles

Latest Articles