Saturday, April 20, 2024
spot_img

നാട്ടിലെ ചൂടിൽ നിന്നും രക്ഷപെട്ടാലോ ?; പോകാം വയനാട്ടിലേക്കൊരു യാത്ര, മൂന്നുദിവസം അടിച്ചുപൊളിക്കാം

നാട്ടിലെ ചൂടില് നിന്നു രക്ഷപെടുവാൻ എല്ലാവരുമൊന്നു കാത്തിരിക്കുകയാണ്. ഒരവസരം കിട്ടിയാൽ മൂന്നാറിലേക്കോ ഊട്ടിയിലേക്കോ പോയവരുവാനാണ് ഈ ചൂടിൽ സഞ്ചാരികളുടെ ആഗ്രഹവും. ഈ കനത്തചൂടിൽ മാവേലിക്കരയിൽ നിന്നും വയനാട്ടിലേക്ക് പോയാലോ.. അതും യാത്രയും ടിക്കറ്റും ഭക്ഷണവും താമസവും ഉൾപ്പെടുന്ന പാക്കേജ്. അവധിക്കാലത്തെ യാത്രകൾക്ക് കാത്തിരിക്കുന്ന കുട്ടിപ്പട്ടാളത്തെയും കുടുംബത്തെയും കൂട്ടി ഒരു യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിലും ഈ യാത്ര പ്രയോജനപ്പെടുത്താം.കുറഞ്ഞ നിരക്കിൽ യാത്രകളൊരുക്കുന്ന കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തിലാണ് മാവേലിക്കര- വയനാട് യാത്ര സംഘടിപ്പിക്കുന്നത്. മാർച്ച് 31 ഏപ്രിൽ 1, 2 തിയതികളില്‍ 2 രാത്രിയും 3 പകലും നീണ്ടു നിൽക്കുന്ന യാത്ര വയനാട്ടിലെ പ്രധാന കാഴ്ചകളെല്ലാം കണ്ടു മാത്രമേ ചുരമിറങ്ങൂ. അവധിക്കാലത്ത് ഒരു യാത്ര പ്ലാൻ ചെയ്യുന്നവർക്ക് എന്തുകൊണ്ടും മികച്ച ഒരു പാക്കേജായിരിക്കുമിത്.

യാത്രയുടെ ഒന്നാം ദിവസം ലക്കിടിയിലെത്തും. അവിടുന്നാണ് ആദ്യത്തെ ലക്ഷ്യസ്ഥാനമായ എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്ക് പോകുന്നത്. വയനാടിന്‍റെ ഗോത്രസ്മൃതിയുടെ കാഴ്ചകളിലേക്ക് സഞ്ചാരികളെ എത്തിക്കുന്ന ഇവിടം ഇന്ന് വയനാട്ടിലെ ഏറ്റവും തിരക്കുള്ള ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ്. തുടർന്ന് പൂക്കോട് തടാകം, ഹണീമ്യൂസിയം, കാരാപ്പുഴ ഡാം എന്നിവിടങ്ങൾ കണ്ട ശേഷം നേരെ ബത്തേരിയിലേക്ക് പോകും. രാത്രി ഇവിടെ സ്ലീപ്പർ ബസിലാണ് താമസം.

രണ്ടാമത്തെ ദിവസം ബത്തേരിയിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. പഴശ്ശിരാജയുടെ ഓർമ്മകളുറങ്ങുന്ന ബത്തേരിയിൽ നിന്നും രാവിലെ യാത്ര വീണ്ടും പുറപ്പെടുന്നു മാവിലത്തോട്, തുടർന്ന് കുറുവാദ്വീപ്, മണ്ണുകൊണ്ടുള്ള, ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടാ യ ബാണാസുരാ സാഗർ അണക്കെട്ട് എന്നിവിടങ്ങളിൽ സന്ദർശിച്ച് തിരികെ ബത്തേരിയിലേക്ക് വരും. രണ്ടാം ദിവസത്തെ താമസവും സ്ലീപ്പർ ബസിൽ തന്നെയാണ് ഒരുക്കിയിട്ടുള്ളത്.

യാത്രയുടെ അവസാന ദിവസമായ ഇന്ന് വയനാട്ടിലെ ബാക്കിയുള്ള കാഴ്ചകളിലേക്കാണ് പോകുന്നത്. സുൽത്താൻ ബത്തേരിയിലെ പഴയ ജൈന ക്ഷേത്രം, ഇടയ്ക്കൽഗുഹ, അമ്പലവയൽ,
ലക്കിടി വ്യൂ പോയിന്‍റ എന്നിവിടങ്ങൾ യാത്രയിൽ കാണും. തുടർന്ന് രാത്രിയോടെ മാവേലിക്കരയിലേക്ക് മടക്കയാത്ര.

Related Articles

Latest Articles