Friday, April 19, 2024
spot_img

ആക്രമിച്ചാൽ കൈയുംകെട്ടി നോക്കിനില്‍ക്കാന്‍ ഇത് പഴയ ഇന്ത്യയല്ല പുതിയ ഇന്ത്യ ; മുന്‍ വ്യോമസേനാ മേധാവി

ചണ്ഡീഗഢ് :ഇന്ത്യയില്‍ നടത്തുന്ന ഭീകരാക്രമണങ്ങള്‍ക്ക് വലിയ വില കൊടുക്കേണ്ടി വരുമെന്ന സന്ദേശമാണ് ബാലകോട്ട് വ്യോമാക്രമണം വഴി പാക് ഭരണകൂടത്തിനും, ഭീകരവാദ സംഘടനകള്‍ക്കും നല്‍കിയതെന്ന് മുന്‍ വ്യോമേസനാ മേധാവി ബി എസ് ധനോവ. ഈ സന്ദേശം കൃത്യമായി എത്തിച്ച്‌ നല്‍കാനും സാധിച്ചു. പഞ്ചാബ്, ചണ്ഡീഗഢ് സര്‍ക്കാരുകള്‍ ചേര്‍ന്ന് സംഘടിപ്പിക്കുന്ന മിലിറ്ററി ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ‘മെസേജ് ഓഫ് ബാലകോട്ട്’ എന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നമ്മുടെ ഭാഗത്ത് നിന്ന് ചില മണ്ടത്തരങ്ങളും സംഭവിച്ചു, ഇതിന് പരിഹാര നടപടികളും കൈക്കൊണ്ടു, ഉത്തരവാദികള്‍ക്ക് ശിക്ഷയും ലഭിക്കും’, മുന്‍ എയര്‍ ചീഫ് മാര്‍ഷല്‍ വ്യക്തമാക്കി. എന്നാല്‍ എന്ത് മണ്ടത്തരങ്ങളാണ് സംഭവിച്ചതെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല. ബാലകോട്ട് വ്യോമാക്രമണത്തിന് പകരംവീട്ടാന്‍ പാക് യുദ്ധവിമാനങ്ങള്‍ പറന്നുയര്‍ന്ന ഫെബ്രുവരി 27ന് വലിയ നഷ്ടങ്ങള്‍ വരുത്താന്‍ നമുക്ക് സാധിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വന്‍തോതില്‍ ആള്‍നാശം സംഭവിക്കുന്ന ഭീകരാക്രമണങ്ങളോട് ഇന്ത്യന്‍ സര്‍ക്കാര്‍ പ്രതികരിക്കുന്ന രീതിയില്‍ വന്‍ കുതിച്ചുചാട്ടം തന്നെ സംഭവിച്ചിട്ടുണ്ട്. 1993 മുംബൈ സ്‌ഫോടനങ്ങളിലോ, 2008 മുംബൈ ഭീകരാക്രമണങ്ങളിലോ ഇന്ത്യ പ്രതികരിച്ചിട്ടില്ലെന്നും ധനോവ ചൂണ്ടിക്കാണിച്ചു. 2016 ഉറി ഭീകരാക്രമണത്തിന് സൈന്യം നേരിട്ടിറങ്ങി പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതാണ് ആദ്യ പ്രതികരണം. പുതിയ സര്‍ക്കാര്‍ തങ്ങളുടെ മണ്ണില്‍ നടക്കുന്ന ഭീകരാക്രമണങ്ങളോട് ഏതുവിധേനയാണ് പ്രതികരിക്കുകയെന്ന് പാകിസ്ഥാന് ശക്തമായ സന്ദേശമാണ് ഇതുവഴി കിട്ടിയത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുല്‍വാമ ഭീകരാക്രമണം നടന്നപ്പോഴും ഇന്ത്യയുടെ തിരിച്ചടി പാകിസ്ഥാന്‍ കാത്തിരിക്കുകയായിരുന്നു. രണ്ട് സംശയങ്ങള്‍ മാത്രമാണ് അവര്‍ക്കുണ്ടായിരുന്നത്, എപ്പോള്‍ എവിടെ അത് നടക്കുമെന്ന് മാത്രം, മുന്‍ വ്യോമസേനാ മേധാവി വ്യക്തമാക്കി. ഈ സന്ദേശം നല്‍കാന്‍ സര്‍ക്കാരിന് രാഷ്ട്രീയ ഇച്ഛാശക്തി ഉണ്ടായിരുന്നുവെന്നും ധനോവ കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles