കൊല്ലം: അഗ്നിവീർ റിക്രൂട്ട്മെന്റിന്റെ പേരിൽ ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിച്ചുവെന്ന പരാതിയെ തുടർന്ന് വിമുക്ത ഭടൻ പിടിയിൽ. കൊല്ലം മൈനാഗപ്പള്ളി സ്വദേശി എം ബിനുവാണ് കുണ്ടറ പോലീസിന്റെ പിടിയിലായത്. മിലിട്ടറി ഇന്റെലിജൻസും, തിരുവനന്തപുരം പാങ്ങോട് സൈനിക യൂണിറ്റും, സ്പെഷ്യൽ ബ്രാഞ്ച് എ ഡി ജി പി ഇന്റലിജൻസിന്റെ നേതൃത്വത്തിൽ പോലീസ് സംഘവും ചേർന്ന് നടത്തിയ സംയുക്ത നീക്കത്തിലാണ് ബിനു പിടിയിലായത്.

ഉദ്യോഗാർത്ഥികളിൽ നിന്ന് ബിനുവിന്റെ നേതൃത്വത്തിലുള്ള വ്യാജ റിക്രൂട്ട്മെന്റ് സംഘം 25 ലക്ഷം മുതൽ 30 ലക്ഷം രൂപ വരെയാണ് തട്ടിയത്. സൈനിക റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട വ്യാജരേഖകൾ അടക്കം തയ്യാറാക്കിയാണ് ഇയാൾ ഉദ്യോഗാർത്ഥികളെ കബളിപ്പിച്ചത്. പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. വിശദമായ അന്വേഷണം തുടരും.