കോഴിക്കോട്: വയനാട് ലക്കിടിയില്‍ മാവോവാദി നേതാവ് സി.പി ജലീല്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംഎല്‍എ വി.ടി ബല്‍റാം. ചെ ഗുവേര അടക്കമുള്ള നേതാക്കളുടെ മാര്‍ഗമാണ് മാവോവാദികളും പയറ്റിക്കൊണ്ടിരിക്കുന്നതെന്നും അവരെയാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ പിന്നില്‍നിന്ന് വെടിവെച്ചുകൊല്ലുന്നതെന്നും ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിക്കുന്നു. നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്നും കൊല്ലപ്പെടുന്നത് ആരുതന്നെയായാലും ഭരണകൂട കൊലപാതകങ്ങള്‍ക്ക് ഭരിക്കുന്ന സര്‍ക്കാര്‍ ഉത്തരം പറഞ്ഞേ മതിയാവൂ എന്നും അദ്ദേഹം പറയുന്നു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം

നിങ്ങടെ കൊടിയിലും ടീ ഷർട്ടിലും കണ്ണിക്കണ്ട ഇലക്ട്രിക് പോസ്റ്റിലുമൊക്കെ വരച്ചു വച്ചിരിക്കുന്ന ആ ചെ ഗുവേരയില്ലേ? മൂപ്പരുടെയൊക്കെ മാർഗ്ഗമാണ് ഈ സി.പി. ജലീലിനേപ്പോലുള്ള മാവോയിസ്റ്റുകളും പയറ്റിക്കൊണ്ടിരിക്കുന്നത്. ബൊളീവിയൻ കാടിന് പകരം വയനാടൻ കാടുകൾ ആവുന്നു എന്ന വ്യത്യാസമേയുള്ളൂ. എന്നുവച്ചാൽ കമ്മ്യൂണിസമെന്ന നിങ്ങളുടെ പ്രത്യയശാസ്ത്രത്തിലും അതിന്റെ യഥാർത്ഥ പ്രയോഗരീതികളിലും നിങ്ങൾക്കില്ലാത്ത വിശ്വാസവും ആത്മാർത്ഥതയും സത്യസന്ധതയും ഉള്ളവരാണ് ഇങ്ങനെ നാടൻ തോക്കും പിടിച്ച് കാടുകയറുന്നതെന്ന് സാരം. അവരെയാണ് പിണറായി വിജയൻ എന്ന നിയോ ലിബറൽ കമ്മ്യൂണിസ്റ്റിന്റെ ഗവൺമെന്റ് പിന്നിൽ നിന്ന് വെടിവച്ച് കൊല്ലുന്നത്.

അതായത് ഒന്നുകിൽ ചെ ഗുവേര പോലുള്ള അതിസാഹസികരുടേയും മാവോ, സ്റ്റാലിൻ തുടങ്ങിയ ക്രൂരരായ സ്വേച്ഛാധിപതികളുടേയും കാലം കഴിഞ്ഞു എന്നും നിയമവാഴ്ച നിലനിൽക്കുന്ന ഒരു ആധുനിക ജനാധിപത്യ സമൂഹത്തിന് ഇവരൊന്നും ഒരുനിലക്കും മാതൃകയല്ലെന്നും തുറന്ന് സമ്മതിക്കുക, ആ നിലയിലുള്ള വിപ്ലവ തള്ള് അവസാനിപ്പിക്കുക, ലോകം കണ്ട ഏറ്റവും വലിയ കൂട്ടക്കുരുതികൾക്ക് നേതൃത്വം കൊടുത്ത ഇവരെയൊന്നും പോസ്റ്ററിലും ഫ്ലക്സിലും ഫോട്ടോ വച്ച് ആരാധിക്കാതിരിക്കുക. അതല്ലെങ്കിൽ അവരുടെയൊക്കെ ആഹ്വാനം കേട്ട് വഴി പിഴച്ചുപോയ അൽപ്പബുദ്ധികളെ ഇങ്ങനെ വ്യാജ ഏറ്റുമുട്ടലുണ്ടാക്കി ക്രൂരമായി കൊല്ലാതെയെങ്കിലുമിരിക്കുക.

ഇത് പഴയ കാലമല്ല, ഇന്ത്യ ഉത്തര കൊറിയയുമല്ല, കൊല്ലപ്പെടുന്നത് ആരുതന്നെയായാലും ഭരണകൂട കൊലപാതകങ്ങൾക്ക് ഭരിക്കുന്ന സർക്കാർ ഉത്തരം പറഞ്ഞേ മതിയാവൂ.