Thursday, April 25, 2024
spot_img

പുൽപ്പള്ളിയിലെ കർഷക ആത്മഹത്യ :സ്വമേധയാ കേസ്സെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കൽപ്പറ്റ: പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ വായ്പാ തട്ടിപ്പിനിരയായ കർഷകന്റെ ആത്മഹത്യയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വിഷയത്തിൽ വയനാട് ജില്ലാ കളക്ടറും പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയും വിശദമായ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ് നിർദ്ദേശം നൽകി. കൽപറ്റയിൽ നടക്കുന്ന അടുത്ത സിറ്റിംഗിൽ കേസ് പരിഗണിക്കും.

പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പരാതിക്കാരനെ വിഷം കഴിച്ച് മരിച്ച നിലയിൽ ഇന്നലെയാണ് കണ്ടെത്തിയത്. പുൽപ്പള്ളി കേളക്കവല ചെമ്പകമൂല സ്വദേശി 55 വയസുള്ള രാജേന്ദ്രൻ നായരെയൊണ് സമീപവാസിയുടെ കൃഷിയിടത്തിലാണ് വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. എഴുപതിനായിരം രൂപ മാത്രമാണ് വായ്പ എടുത്തതെന്നും എന്നാൽ തൻ്റെ വ്യാജ ഒപ്പിട്ട് 25 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായും രാജേന്ദ്രൻ നായർ കഴിഞ്ഞ വർഷം മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.

രാജേന്ദ്രൻ നായർ പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ നിന്ന് 70,000 രൂപ വായ്പയായി എടുത്തിരുന്നു.എന്നാൽ ഈടായി നൽകിയ ആധാരം വച്ച് വായ്പാ തുക 25 ലക്ഷമാക്കി തട്ടിപ്പ് നടത്തിയെന്നായിരുന്നു രാജേന്ദ്രൻ്റെ പരാതി. മുൻ ഭരണ സമിതി അധ്യക്ഷനും കെപിസിസി ജനറൽ സെക്രട്ടറിയുമായ കെകെ എബ്രഹാം, സേവാദൾ ജില്ലാ വൈസ് ചെയർമാൻ സജീവൻ കൊല്ലപ്പിള്ളി എന്നിവർക്കെതിരെയായിരുന്നു പരാതി. 30 ഓളം പേർ സമാനമായ രീതിയിൽ വായ്പാ തട്ടിപ്പിനിരയായ കേസ് ഹൈക്കോടതി പരിഗണനയിലിരിക്കെയായായിരുന്നു കർഷകന്റെ ആത്മഹത്യ.

Related Articles

Latest Articles