ശബരിമലയിലേക്കുള്ള തിരുവാഭരണ ഘോഷയാത്രയിൽ വൻ സുരക്ഷാ വീഴ്ച; അധികാരികൾ ശബരിമല തീർത്ഥാടനത്തെ കാണുന്നത് കേവലം കറവപ്പശുവായി മാത്രമോ? തത്വമയി ന്യൂസ് എക്സ്ക്ലൂസീവ്

0

ളാഹ: തിരുവാഭരണ ഘോഷയാത്രയിൽ വൻ സുരക്ഷാ വീഴ്ച. ഘോഷയാത്രയുടെ രണ്ടാം ദിനം രാത്രി വിശ്രമകേന്ദ്രമായ ളാഹ സത്രത്തിലേക്ക് തിരുവാഭരണം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര എത്തിയത് കുറ്റാക്കൂരിരുട്ടിൽ. ബേസ് ക്യാമ്പായ സത്രത്തിലേക്കുള്ള വഴിയിൽ ഒറ്റ വഴിവിളക്കുകൾ പോലുമില്ലായിരുന്നു. സായുധ പോലീസിന്റെ കാവലുണ്ടെങ്കിലും ഇത്രയധികം വിലമതിപ്പുള്ള ഭഗവാന്റെ തിരുവാഭരണങ്ങൾ വഹിച്ചുകൊണ്ടുള്ള ഘോഷയാത്രക്ക് യാതൊരു മുന്നൊരുക്കങ്ങളും അധികാരികൾ നടത്തിയിരുന്നില്ല എന്നതിന്റെ നേർക്കാഴ്ചയായിരുന്നു സത്രത്തിലേക്ക് ഇരുട്ടിലൂടെയുള്ള തിരുവാഭരണ ഘോഷയാത്ര കാട്ടിത്തരുന്നത്.

അവലോകനയോഗത്തിൽ ഈ പ്രദേശത്ത് വേണ്ട മുന്നൊരുക്കങ്ങൾ നടത്തേണ്ട ചുമതല പെരിനാട് ഗ്രാമ പഞ്ചായത്തിനായിരുന്നു. ഗ്രാമ പഞ്ചായത്തിന്റെ ഭാഗത്തുനിന്നുള്ള കൃത്യമായ അലംഭാവമാണ് ഈ സംഭവത്തിലൂടെ വെളിവാകുന്നത്. ഇതിനെപ്പറ്റി പരാതി പറയാൻ പത്തനംതിട്ട ജില്ലാ കളക്ടർ പി ബി. നൂഹിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അദ്ദേഹം ഫോൺ എടുക്കാത്ത സ്ഥിതിയാണുണ്ടായത്.

ഇത് താഴെത്തട്ടുമുതൽ ജില്ലാ ഭരണകൂടം വരെ ശബരിമല തീർത്ഥാടനത്തെ യാതൊരു പ്രാധാന്യത്തോടുകൂടിയും കാണുന്നില്ല എന്നതിന്റെ വ്യക്തമായ തെളിവാണ്. മാത്രമല്ല ബേസ് ക്യാമ്പിൽ തിരുവാഭരണ ഘോഷയാത്രയിൽ പങ്കെടുക്കുന്നവർക്ക് വിശ്രമിക്കുവാനോ പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കുവാനോ ഒരുവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുമില്ല. ഇത് അയ്യപ്പ ഭക്തർക്കിടയിൽ വ്യാപകമായ പ്രതിഷേധത്തിന് വഴിവച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here