പി പരമേശ്വർജി വിടവാങ്ങി

  0

  ചിന്തകനും എഴുത്തുകാരനും ഭാരതീയ വിചാരകേന്ദ്രം സ്ഥാപക ഡയറക്ടറും കന്യാകുമാരി വിവേകാനന്ദ കേന്ദ്രം അധ്യക്ഷനും മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനുമായ പി. പരമേശ്വര്‍ജി അന്തരിച്ചു.94 വയസ്സായിരുന്നു ഒറ്റപ്പാലത്ത് ചികിത്സയിലിരിക്കെ ഞായറാഴ്ച പുലര്‍ച്ചെ 12.10നായിരുന്നു അന്ത്യം. വൈചാരിക മേഖലയില്‍ ഭാരതീയ ദര്‍ശനത്തിന്റെ ആഴവും വ്യാപ്തിയും പകര്‍ന്ന ചിന്തകനായിരുന്നു അദ്ദേഹം. 2018ല്‍ പത്മവിഭൂഷണനും 2004ല്‍ പദ്മശ്രീയും നല്‍കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു.

  സ്വാമി വിവേകാനന്ദന്റെയും മഹര്‍ഷി അരവിന്ദന്റെയും ദര്‍ശനങ്ങള്‍ മലയാളികളുടെ വായനക്ക് സുപരിചിതമാക്കിയ എഴുത്തുകാരനായിരുന്നു പരമേശ്വര്‍ജി. ഇന്ന് രാവിലെ ആറു മുതല്‍ വൈകിട്ട് നാലുവരെ ഭൗതിക ശരീരം കൊച്ചിയിലെ ആര്‍എസ്എസ് സംസ്ഥാന കാര്യാലയത്തില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് മുഹമ്മയിലെ അദേഹത്തിന്റെ വസതിയില്‍ അന്ത്യകര്‍മ്മകള്‍ നടക്കും.

  1927 സപ്തംബറില്‍ ആലപ്പുഴ ജില്ലയിലെ മുഹമ്മയിലായിരുന്നു ജനനം. ചാരമംഗലം താമരശ്ശേരി ഇല്ലത്ത് പരമേശ്വരന്‍ ഇളയതിന്റെയും സാവിത്രി അന്തര്‍ജ്ജനത്തിന്റെയും ഇളയമകനായാണ് ജനനം. സഹോദരങ്ങള്‍: പരേതരായ വാസുദേവന്‍ ഇളയത്, കേശവന്‍ ഇളയത്. മുഹമ്മ ലൂതര്‍ എല്‍പി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ചേര്‍ത്തല ഗവ. ബോയ്സ് ഹൈസ്‌കൂള്‍, ചങ്ങനാശ്ശേരി എസ്ബി കോളേജിലുമായിരുന്നു തുടര്‍പഠനം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഓണേഴ്‌സില്‍ സ്വര്‍ണമെഡലോടെ ബിരുദം പാസായി. സ്വാമി ആഗമാനന്ദന്റെ ശിഷ്യനായി ശ്രീരാമകൃഷ്ണ മിഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച അദ്ദേഹം പിന്നീട് തിരുവനന്തപുരത്ത് വെച്ച് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രചാരകനായി. കേസരി വാരികയുടെ തുടക്കത്തിലും വളര്‍ച്ചയിലും നിര്‍ണായക പങ്കുവഹിച്ചു. 1967 മുതല്‍ 71വരെ ജനസംഘം ദേശീയ സെക്രട്ടറിയും 1971 മുതല്‍ 77വരെ അഖിലേന്ത്യാ ഉപാദ്ധ്യക്ഷനുമായിരുന്നു. അടിയന്തരാവസ്ഥയ്ക്കെതിരെ പ്രക്ഷോഭം നയിച്ചതിന് 1975 മുതല്‍ 77വരെ മിസ തടവുകാരനായി ജയില്‍ വാസം അനുഷ്ടിച്ചു.

  1977 മുതല്‍ 1982 വരെ ദല്‍ഹി കേന്ദ്രമായി ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായിരുന്നു. 1982ല്‍ തിരുവനന്തപുരത്ത് ഭാരതീയ വിചാരകേന്ദ്രം സ്ഥാപിച്ചു. കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിന്റെ ഉപാദ്ധ്യക്ഷനായ അദ്ദേഹം പിന്നീട് അധ്യക്ഷനായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. കേരളത്തിലെ സാംസ്‌കാരിക മേഖലയിലെ വിപ്ലവകരമായ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തിന്റെ കയ്യൊപ്പുണ്ടായിരുന്നു. മാര്‍ക്‌സില്‍ നിന്നും മഹര്‍ഷിയിലേക്ക്, മാര്‍ക്‌സും വിവേകാനന്ദനും തുടങ്ങി പാണ്ഡിത്യത്തിന്റെയും വിചാരവിപ്ലവത്തിന്റെയും സവിശേഷതകള്‍ വിളിച്ചോതുന്ന നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ശ്രീനാരായണ ഗുരു നവോത്ഥാനത്തിന്റെ പ്രചാരകന്‍, സ്വതന്ത്ര ഭാരതം ഗതിയും നിയതിയും, അരവിന്ദ ദര്‍ശനത്തെ പരിചയപ്പെടുത്തിയ ഭാവിയുടെ ദാര്‍ശനികന്‍ തുടങ്ങിയവ വിചാരമേഖലയില്‍ ചലനങ്ങള്‍ സൃഷ്ടിച്ചു

  LEAVE A REPLY

  Please enter your comment!
  Please enter your name here