Friday, April 26, 2024
spot_img

കരുവന്നൂരിനെ വെല്ലുന്ന തട്ടിപ്പ്; സിപിഎം നിയന്ത്രണത്തിലുള്ള കോഴിക്കോട് മാവൂർ സഹകരണ ബാങ്കിന്റെ ഭൂമി ഇടപാടിൽ വൻ ക്രമക്കേട്; നടന്നത് കോടികളുടെ തട്ടിപ്പ്

കോഴിക്കോട്: കരുവന്നൂർ (Karuvannur Fraud) തട്ടിപ്പിന് പിന്നാലെ സിപിഎം (CPM) നേതൃത്വത്തിലുള്ള ബാങ്കുകളിലെ നിരവധി തട്ടിപ്പുകളാണ് ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സിപിഎം നിയന്ത്രണത്തിലുള്ള കോഴിക്കോട് മാവൂർ സഹകരണ ബാങ്കിലും വൻ ക്രമക്കേട് നടന്നതായി കണ്ടെത്തിയിരിക്കുകയാണ് റവന്യൂ വിജിലൻസ്. ഭൂമി ഇടപാടിൽ ക്രമക്കേട് നടന്നെന്നാണ് വിജിലൻസ് കണ്ടെത്തിയത്.

ഇടപാടിൽ മൂന്ന് കോടിയുടെ ക്രമക്കേട് നടന്നെന്ന് സംഘം കണ്ടെത്തി. ഭൂമിയുടെ വിലനിർണയത്തിൽ ബാങ്ക് ജീവനക്കാർക്ക് വീഴ്ച പറ്റിയെന്ന് റവന്യൂ വിജിലൻസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.രണ്ട് റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് റവന്യൂ വിജിലൻസ് നിർദ്ദേശിച്ചു. മാവൂർ സഹകരണ ബാങ്കിനായി, 2019ൽ കാര്യാട്ട് താഴത്ത് 2.17 ഏക്കർ സ്ഥലം 9കോടി 88 ലക്ഷം രൂപക്ക് വാങ്ങിയതിലാണ് റവന്യൂ വിജിലൻസ് വിഭാഗം ക്രമക്കേട് കണ്ടെത്തിയത്.

അന്ന് ഭൂരേഖ വിഭാഗം തഹസിൽദാർ ആയിരുന്ന അനിതകുമാരി, മാവൂർ വില്ലേജ് ചാർജ്ജ് ഓഫീസർ ബാലരാജൻ എന്നിവർക്കെതിരെ നടപടിവേണമെന്നാണ് ശുപാർശ. സഹകരണ നിയമപ്രകാരം സഹകരണ സ്ഥാപനങ്ങൾ ഭൂമി വാങ്ങുമ്പോൾ, റവന്യൂ വകുപ്പ് വില നിർണയം നടത്തണമെന്നാണ് ചട്ടം. ഇതിനായി മൂന്നുകിലോമീറ്റർ ചുറ്റളവിൽ മൂന്നു വർഷത്തിനിടെ നടന്ന ഭൂമിയിടപാടുകളുടെ അടിസ്ഥാനത്തിൽ വില നിശ്ചയിക്കാം. എന്നാൽ ഇവിടെയത് 5 കിലോമീറ്റർ ചുറ്റളവിലുളള ഭൂമിയായിരുന്നെന്നും അടിസ്ഥാന വില 40ശതമാനം വർദ്ധിപ്പിച്ചതായും കണ്ടെത്തി.

സെൻറിന് മൂന്നുലക്ഷത്തിൽ താഴെ മാത്രമേ വിലയുളളൂ എന്നിരിക്കേ, 4.90 ലക്ഷം രൂപ നിരക്കിലായിരുന്നു ഇടപാട് നടന്നത്. ഇതിൽ മൂന്നുകോടിയുടെ ക്രമക്കേടുണ്ടന്നും റിപ്പോർട്ടിലുണ്ട്. ഭൂരേഖ വിഭാഗം തഹസിൽദാർ, ചാർജ്ജ് ഓഫീസർ എന്നിവർ സ്ഥല പരിശോധന നടത്തിയിരുന്നെങ്കിൽ ക്രമക്കേട് ഒഴിവാക്കാമായിരുന്നെന്നും റവന്യൂ വിജിലൻസ് ഡെപ്യൂട്ടി കളക്ടറുടെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Related Articles

Latest Articles