Tuesday, April 23, 2024
spot_img

ബ്രഹ്‌മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടുത്തം :
ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത അധികാരികൾക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

കൊച്ചി : ബ്രഹ്‌മപുരം മാലിന്യ സംസ്കരണ പ്ലാന്റിലുണ്ടായ തീപ്പിടിത്തത്തില്‍ ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത അധികാരികളെ രൂക്ഷഭാഷയിൽ വിമർശിച്ച് ഹൈക്കോടതി. വിഷയത്തില്‍ ഇന്നലെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സമര്‍പ്പിച്ച കത്തിന്റെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു കോടതിയുടെ ഡിവിഷന്‍ ബെഞ്ച്. എറണാകുളം കളക്ടര്‍ രേണു രാജിനോട് നാളെ കോടതിയില്‍ എത്താന്‍ കോടതി നിര്‍ദേശിച്ചു

ഇന്ന് ഉച്ചയ്ക്ക് കേസ് പരിഗണിക്കുന്നതിന് മുൻപായി കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറി, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍,എറണാകുളം കളക്ടര്‍ രേണുരാജ് തുടങ്ങിയവരോട് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.എന്നാല്‍ കളക്ടര്‍ ഹാജരായില്ല. പകരം ദുരന്ത നിവാരണ ചുമതലയുള്ള ഒരു ഉദ്യോഗസ്ഥയാണ് ഇന്ന് കോടതിയിലെത്തിയത്.

കളക്ടര്‍ നേരിട്ട് ഹാജരാകാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച കോടതി, കളക്ടര്‍ രേണു രാജ് നാളെ ഹാജരാകണമെന്ന് നിര്‍ദേശിച്ചു. നാളെ ഉച്ചയോടെ പ്ലാന്റിലെ തീയും പുകയും അവസാനിക്കുമെന്നാണ് കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറി കോടതിയിൽ അറിയിച്ചിരിക്കുന്നത്. കൊച്ചിയിലെ മാലിന്യപ്രശ്‌നം സംബന്ധിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. നാളെ ഉച്ചയ്ക്കു ശേഷം 1.45-ന് വീണ്ടും കേസ് പരിഗണിക്കും. കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറിയും പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാനും നാളെ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

Related Articles

Latest Articles