Saturday, April 20, 2024
spot_img

സ്വര്‍ണപണയ സ്ഥാപനമുടമയെ വണ്ടിയിടിച്ചിട്ട് കവര്‍ച്ച; ഒന്നാം പ്രതിയുടെ ഭാര്യ പിടിയിൽ; യുവതിയുടെ ബാഗിൽ നിന്ന് രണ്ട് പവന്റെ സ്വർണ്ണവും നാലരലക്ഷം രൂപയും കണ്ടെടുത്തു

തിരുവനന്തപുരം: വിഴിഞ്ഞം ഉച്ചക്കടയിലെ സ്വർണ്ണപണയ സ്ഥാപന ഉടമയെ ബൈക്ക് കൊണ്ടിടിച്ചിട്ട് ബാഗിലുണ്ടായിരുന്ന 20 പവന്റെ സ്വർണ്ണ പണയ ഉരുപ്പടികളും നാലരലക്ഷം രൂപയും കവർച്ച നടത്തിയ കേസിൽ ഒരു യുവതി കൂടി പിടിയിൽ. കവർച്ചയുടെ സൂത്രധാരനും ഒന്നാം പ്രതിയുമായ ആറ്റുകാൽ പുത്തൻകോട്ട വലിയവിള മേലേ വീട്ടിൽ നവീൻ സുരേഷിൻറെ (28) ഭാര്യ വിനീഷ(27)യെ ആണ് വിഴിഞ്ഞം പൊലീസ് അറസ്റ്റുചെയ്തത്.

യുവതിയുടെ കൈയ്യിൽ ഉണ്ടായിരുന്ന ബാഗിൽ നിന്ന് രണ്ട് പവന്റെ സ്വർണ്ണവും നാലരലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു. കേസിൽ ഒന്നാം പ്രതി നവീൻ സുരേഷ് (28) രണ്ടാം പ്രതി കോട്ടുകാൽ തുണ്ടുവിള വീട്ടിൽ വിനീത്(34), കോട്ടുകാൽ വട്ടവിള ദർഭവിള ഗോകുൽ നിവാസിൽ ഗോകുൽ എന്ന വിമൽകുമാർ (23) എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ഇതിൽ ഒന്നാം പ്രതി നവീൻ സുരേഷിനെ കഴിഞ്ഞ ദിവസം വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിൽ നിന്നായിരുന്നു കവർച്ച ചെയ്ത സ്വർണ്ണവും കുറച്ച് പണവും ഭാര്യയുടെ പക്കലുണ്ടെന്ന് മൊഴി നൽകിയത്.

സംഭവത്തിനുശേഷം ഒളിവിലായിരുന്ന വിനീഷ നെടുമങ്ങാട് ഉളളതായി സൈബർ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തി. തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിൽ നെടുമങ്ങാടുളള ഒരു ജ്വല്ലറയിൽ സ്വർണ്ണം വിൽക്കുന്നതിനിടെയാണ് ഇവർ പിടിക്കപ്പെട്ടത്. കുറച്ച് സ്വർണ്ണം ആദ്യം ഒരു ജ്വല്ലറിയിൽ വിറ്റ ശേഷം അതേ നിരയിലുളള മറ്റൊരു ജ്വല്ലറിയിലെത്തി വീണ്ടും സ്വർണ്ണം വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായതെന്നും കവർച്ച നടത്തിയ സ്വർണ്ണം വിറ്റ വകയിൽ ലഭിച്ച നാലര ലക്ഷം രൂപയാണ് യുവതിയുടെ കൈയിൽ നിന്ന് പിടികൂടിയതെന്നും വിഴിഞ്ഞം പൊലീസ് പറഞ്ഞു.

Related Articles

Latest Articles