മൂന്ന് ഇന്നോവ ക്രിസ്റ്റ, ഒരു ടാറ്റാ ഹാരിയര്‍; കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും മുഖ്യമന്ത്രിക്ക് അകമ്പടി വാഹനങ്ങള്‍ വാങ്ങാനൊരുങ്ങി സർക്കാർ

Pinarayi Vijayan

0
Pinarayi Vijayan

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ ലക്ഷങ്ങള്‍ ചിലവിട്ട് പുതിയ വാഹനങ്ങള്‍ വാങ്ങാനൊരുങ്ങി സർക്കാർ. പഴക്കം ചെന്ന രണ്ട് കാറുകള്‍ മാറ്റണമെന്ന സംസ്ഥാന പോലീസ് മേധാവിയുടെ അപേക്ഷയിലാണ് ലക്ഷങ്ങള്‍ മുടക്കി നാലു കാറുകള്‍ വാങ്ങാനുള്ള നടപടി.

മുഖ്യമന്ത്രി പിണറായി വിജയന് അകമ്പടി വാഹനമായാണ് പുതിയ നാല് വാഹനങ്ങള്‍ വാങ്ങുന്നത്. മൂന്ന് ഇന്നോവ ക്രിസ്റ്റയും ഒരു ടാറ്റാ ഹാരിയറും വാങ്ങാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. കറുപ്പ് നിറത്തിലുള്ള മൂന്ന് ഇന്നോവ ക്രിസ്റ്റ കാറുകളും ഒരു ടാറ്റ ഹാരിയറുമാണ് വാങ്ങുന്നത്. ഇതിനായി 62.46 ലക്ഷം രൂപ അനുവദിച്ചുകൊണ്ട് ഉത്തരവിറങ്ങി.

നിലവിൽ ഉപയോഗിക്കുന്ന രണ്ട് ഇന്നോവ ക്രിസ്​റ്റ കാറുകൾ ഇനി എസ്കോർട്ട്, പൈലറ്റ് ഡ്യൂട്ടിക്ക് ഉപയോഗിക്കാൻ കഴിയില്ലെന്ന്​ സംസ്ഥാന പൊലീസ് മേധാവി റിപ്പോർട്ട്​ നൽകിയിരുന്നു. നിലവില്‍ മുഖ്യമന്ത്രിയുടെ അകമ്പടിയ്ക്കായി ഉപയോഗത്തിലുള്ള രണ്ട് വാഹനങ്ങള്‍ ആഭ്യന്തര വകുപ്പിന്റെ മറ്റ് ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കേണ്ടതാണ് എന്നും ഉത്തരവ് വ്യക്തമാക്കുന്നുണ്ട്.