നവംബറിന്‍റെ ദു:ഖം; സ്വതന്ത്ര ഭാരതത്തിലെ ഏറ്റവും ഭീകരമായ വംശഹത്യയെ സാമൂഹ്യ നിരീക്ഷകന്‍ കൃഷ്ണ. കെ വാര്യത്ത് അനുസ്മരിക്കുന്നു

ഒരോ നവംബറിന്‍റെ തുടക്കവുമോർമ്മിപ്പിക്കുന്നത് ദില്ലിയിലെ ഗലികളിൽ പച്ചയോടെ നിന്നെരിഞ്ഞ സർദാർമാരുടെ ദൃശ്യങ്ങളാണ്, പച്ചയോടെ പിച്ചിച്ചീന്തപ്പെട്ട സർദാരിണിമാരുടെ നിലവിളികളാണ്. കോൺഗ്രസ് പാർട്ടിയും പ്രവർത്തകരും നടത്തിയ സ്വതന്ത്ര ഭാരതത്തിലെ ഏറ്റവും ഭീകരമായ വംശഹത്യയാണ്.

1984 ഒക്ടോബർ 31 നാണ് ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി സ്വന്തം അംഗ രക്ഷകരായ സത് വന്ത് സിംഗ് , ബിയാന്ത് സിംഗ് എന്നിവരുടെ വെടിയേറ്റ്‌ കൊല്ലപ്പെടുന്നത്. സിഖ് മത വിശ്വാസികളുടെ പുണ്യസ്ഥലമായ അമൃത് സറിലെ സുവർണ്ണ ക്ഷേത്രത്തിലെ ‘ഓപ്പറേഷൻ ബ്ലൂ സ്റ്റാർ ‘ എന്നറിയപ്പെട്ട സൈനിക നടപടിക്കുള്ള പ്രതികാരമായിരുന്നു ഇന്ദിരാഗാന്ധിയുടെ വധം.

രാവിലെ 9:20 നാണ് സംഭവം. വെടിയേറ്റു വീണ ഇന്ദിരയെ അഖിലേന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (AIIMS ) പ്രവേശിപ്പിച്ചു പതിനൊന്നു മണിയോടടുപ്പിച്ച് മരണം സംഭവിച്ചു.. അവിടെ , ആശുപത്രി പരിസരത്ത് ഉത്കണ്‍ഠകുലരായി തടിച്ചു കൂടിയവരിൽ സിക്കുകാരുമുണ്ടായിരുന്നു കലാപത്തിന്‍റെ ലാഞച്ഛന മറ്റുള്ളവരിലോ ആക്രമണഭീതി സിക്കുകാരുടെ മുഖത്തോ ഉണ്ടായിരുന്നില്ല. പക്ഷെ പെട്ടെന്നാണ്, ലണ്ടനിലെ സിഖ് സമുദായക്കാർ ലഡ്ഡു വിതരണം ചെയ്തും നൃത്തം ചെയ്തും ഇന്ദിരയുടെ മരണം ആഘോഷിച്ചു എന്ന വാർത്ത പരന്നത് ആശുപത്രി പരിസരത്ത് ജനം അതോടെ അക്രമാസക്തരായി.

ബംഗാളിലായിരുന്ന രാജീവ് ഗാന്ധി വൈകീട്ട് 4 മണിയോടെ ആശുപത്രിയിൽ എത്തി ചേർന്നു . 5:30 ന്‌ ഒരു വിദേശയാത്രക്ക് ശേഷം മടങ്ങുന്ന വേളയിൽ വിവരമറിഞ്ഞ് ആശുപത്രിയിലേക്ക് തിരിച്ച രാഷ്ട്രപതി ഗ്യാനി സെയിൽ സിംഗിന്‍റെ വാഹന വ്യൂഹം ആക്രമിക്കപ്പെട്ടു! അന്നത്തെ കലാപം ആശുപത്രി പരിസരത്ത് മാത്രം ഒതുങ്ങി നിന്നു . ദില്ലിയുടെ മറ്റു ഭാഗങ്ങൾ ശാന്തമായിരുന്നു.

പുതിയ പ്രധാന മന്ത്രിയായി രാജീവ് ഗാന്ധി അന്നുതന്നെ അധികാരമേറ്റെടുത്തു. അന്ന് രാത്രി മുതൽ കോണ്ഗ്രസ് നേതാക്കന്മാർ ഉൾപ്പെടെയുള്ളവർ പ്രാദേശികമായി സംഘടിക്കുകയും മീറ്റിങ്ങുകൾ നടത്തുകയും സിഖ് വംശജർക്കെതിരായ വൻ കലാപം ആസൂത്രണം ചെയ്യുകയും ചെയ്തു.

പിന്നീട് കണ്ടത് സ്വതന്ത്ര ഭാരതം കണ്ട ഏറ്റവും ആസൂത്രിതവും ഭീകരവുമായ കൊലപാതക പരമ്പരകളും സിഖ് വംശീയ ഉന്മൂലന ശ്രമങ്ങളുമായിരുന്നു . കോണ്ഗ്രസ് പാർട്ടി നേതാവും പാർലിമെന്‍റ് അംഗവുമായിരുന്ന സജ്ജൻ കുമാറിന്‍റെയും തൊഴിലാളി നേതാവും മെട്രോ പോളിറ്റൻ കൌണ്‍സിലറും ആയിരുന്ന ലളിത് മാക്കന്‍റെയും നേതൃത്വത്തിൽ ആക്രമികളെ ഉത്തേജിപ്പിക്കാൻ മദ്യവും പണവുമൊഴുക്കി (പേജ് 27 , Twenty Years of Impunity : Jaskaran Kaur ). ആക്രമണത്തിനു ആവശ്യമായ ഇരുമ്പ് ദണ്ട്കളും മറ്റും ലോറികളിൽ കൊണ്ടുവന്ന് ഇറക്കി വിതരണം ചെയ്തിരുന്നു.

സജ്ജൻ കുമാർ ഓടിനടന്ന് വംശീയ വിദ്വേഷം ആളിക്കത്തിച്ചു . നവംബർ ഒന്നിന് കലാപം നടന്ന പല ഇടങ്ങളിലും ഇയാളുടെ സാന്നിധ്യം പിന്നീട് ദൃക്സാക്ഷികൾ വെളിപ്പെടുത്തുകയുണ്ടായി . പ്രകോപനപരമായ രീതിയിൽ ഓരോ യോഗങ്ങളിലും സംസാരിച്ചു. “സർദാരൊ കൊ മാരോ” (സിക്കുകാരെ കൊന്നോടുക്കൂ), “ഇന്ദിരാഗാന്ധി ഹമാരി മാ ഹെ , ഇനോനെ ഉസേ മാരാ ഹെ” (ഇന്ദിരാഗാന്ധി നമ്മുടെ അമ്മയാണ് , ഇവരാണ് അവരെ കൊന്നത്) , “ഓരോ സിക്കുകാരനെ കൊന്നു തള്ളുന്നതിനും ഞാൻ നിങ്ങൾക്ക് ആയിരം രൂപാ വിതം നൽകും ” – ഇങ്ങനെയൊക്കെ ആയിരുന്നു പ്രസംഗത്തിലെ വാചകങ്ങൾ (പേജ് 27/ 28 , Twenty Years of Impunity : Jaskaran Kaur ).

ഒരൊറ്റ സിക്കുകാരൻ പോലും ജീവനോടെ അവശേഷിക്കരുത് എന്ന് സജ്ജൻ കുമാർ ആക്രോശിച്ചിരുന്നതായി പിൽക്കാലത്ത്‌ CBI വെളിപ്പെടുത്തിയിട്ടുണ്ട് (CNN IBN – 23/ 04/ 2012 )

കോണ്ഗ്രസ് നേതാവ് ശ്യാം ത്യാഗിയുടെ വീട്ടിൽ വച്ച് നടന്ന യോഗത്തിൽ കോണ്ഗ്രസ് നേതാവും അന്നത്തെ വാർത്താവിതരണ വകുപ്പ് മന്ത്രിയുമായിരുന്ന HKL ഭഗത് മദ്യത്തിനും പിന്നെ കലാപം സംഘടിപ്പിക്കുന്നതിനുമായി പണം കൈമാറി . “ഞാൻ പറഞ്ഞത് പോലെ ചെയ്യുക. ഒന്നുകൊണ്ടും പേടിക്കേണ്ട , എല്ലാം ഞാൻ നോക്കിക്കോളാം ” – ഇതായിരുന്നത്രേ മന്ത്രി വാക്യം ! (പേജ് 28 , Twenty Years of Impunity : Jaskaran Kaur )

” ഒരൊറ്റ സിക്കുകാരനേയും വെറുതെ വിടരുത്. അവർ രാജ്യ ദ്രോഹികളാണ് . ആയുധങ്ങളും മണ്ണെണ്ണയും നിങ്ങളുടെ കൈവശമുണ്ട്. പോലീസ് നിങ്ങളെ ഒന്നും ചെയ്യില്ല ” . – തന്‍റെ വീടിന്‍റെ പുറത്ത് അക്രമികളുമായി വന്നെത്തിയ HKL ഭഗത്തിന്റെ ആക്രോശം ദർശൻ കൌർ എന്ന സിഖ് വനിത ജസ്റ്റിസ് ധിന്ഗ്രക്ക് മുൻപാകെ രേഖപ്പെടുത്തിയത് ഇങ്ങനെയാണ് (I Accuse …. The Anti Sikh Violence of 1984 : Jarnail Singh , Penguin Books)

എരിതീയിൽ എണ്ണയൊഴിക്കുന്ന ഇത്തരം നടപടികൾ കലാപം ആളിക്കത്തിച്ചു . നവംബർ ഒന്നിന് അക്രമാസക്തരായ ജനക്കൂട്ടം ദില്ലിയിലെ സുൽത്താൻ പുരിയിലും ത്രിലോക് പുരിയിലും മംഗോൾ പുരിയിലും തെരുവിലിറങ്ങി . സിഖ് വംശജർ താമസിക്കുന്ന സ്ഥലങ്ങളിൽ സജ്ജൻ കുമാറിന്‍റെ നേതൃത്വത്തിൽ അക്രമികൾ ഇരച്ചു കയറി . സിഖ് ആരാധനാ കേന്ദ്രങ്ങളായ ഗുർദ്വാരകളായിരുന്നു പ്രാഥമിക ലക്‌ഷ്യം. അവിടെ അഭയം പ്രാപിച്ചവർ കൂട്ടമായി ആക്രമിക്കപ്പെട്ടു. കലാപം പിന്നീട് ദില്ലിയുടെ മറ്റിടങ്ങളിലേക്കും വ്യാപിച്ചു.

ഇരുമ്പ് ദണ്ട്കളും സ്ഫോടക വസ്തുക്കളും കഠാരകളും മണ്ണെണ്ണയുമായെത്തിയ അക്രമികൾ സിഖ് സമുദായാംഗങ്ങളെ തെരഞ്ഞു പിടിച്ച് ആക്രമിച്ചു . അവരുടെ വസ്തു വകകൾ തല്ലിത്തകർത്തു . പെട്രോൾ പമ്പ് ഉടമകളായ കോണ്ഗ്രസ് നേതാക്കന്മാർ പെട്രോളും മണ്ണെണ്ണയും യഥേഷ്ടം ലഭ്യമാക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു ( Twenty Years of Impunity : Jaskaran Kaur ) സിഖ് ഭൂരിപക്ഷ പ്രദേശങ്ങളിൽ തീവയ്പ്പും ബലാത്സംഗങ്ങളും കൊള്ളയും അരങ്ങേറി. ബസ്സുകളും ട്രെയിനുകളും തടഞ്ഞു നിർത്തി സിക്കുകാരായ യാത്രക്കാരെ തെരഞ്ഞു പിടിച്ച് മർദ്ദിച്ച് മണ്ണെണ്ണയൊഴിച്ചു കത്തിച്ചു .

സിഖ് ഭൂരിപക്ഷ പ്രദേശമായ ത്രിലോക് പുരിയിൽ മാത്രം 350 ഓളം സിഖുകാർ ക്രൂരമായി കൊലചെയ്യപ്പെട്ടു . കുറ്റ കരമാം വണ്ണം ഗൗരവമായ അനാസ്ഥയും കൃത്യ വിലോപവുമായിരുന്നു പോലീസ് കാണിച്ചത്. ഇന്ത്യൻ എക്സ്പ്രസ് ദിനപ്പത്രം കൂട്ടക്കൊലയെ കുറിച്ച് റിപ്പോർട്ട് ചെയ്ത് ഇരുപത്തി നാല് മണിക്കൂറിനു ശേഷം മാത്രമാണ് പോലീസ് അവിടെ എത്തി ചേർന്നത്‌ ! നിർഭാഗ്യവശാൽ പോലീസിനു സഹായം നല്കാനായി സിഖുകാർ ആരും അവിടെ അവശേഷിച്ചിരുന്നില്ലത്രെ! (BBC News 1/ 11/ 2009 )

അക്രമികൾക്കെതിരെ പോലീസ് രംഗത്തു വന്ന ഫറഷ് ബസാർ, കരോൾബാഗ് എന്നിവിടങ്ങളിൽ അക്രമങ്ങൾ കുറവായിരുന്നു.

സിഖുകാരേയും, അവർ താമസിക്കുന്ന സ്ഥലങ്ങളും കണ്ടു പിടിക്കുവാൻ അക്രമത്തിനു നേതൃത്വം നൽകിയവർ റേഷൻ കാർഡുകളും, വോട്ടർ പട്ടികയും, സ്കൂൾ രജിസ്ട്രേഷൻ വിവരങ്ങളും എല്ലാം സംഘടിപ്പിച്ചിരുന്നു. ഒക്ടോബർ 31 രാത്രി തന്നെ, സിഖുകാരുടെ വീടുകൾ കണ്ടുപിടിച്ച് അതിലെല്ലാം ഇംഗ്ലീഷ് അക്ഷരം ‘S’ എന്നു രേഖപ്പെടുത്തിയിരിക്കുന്നു. പിറ്റേ ദിവസം സിഖുകാരുടെ വീടുകൾ പ്രത്യേകമായി തിരിച്ചറിയാനായിരുന്നു ഇത്.

നവംബർ 2-ന് ഡൽഹിയിലുടനീളം കർഫ്യൂ പ്രഖ്യാപിക്കപ്പെട്ടു. ഡൽഹിയിൽ സൈന്യത്തെ വിന്യസിപ്പിച്ചെങ്കിലും പോലീസിന്‍റെ നിസ്സഹകരണം മൂലം കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞില്ല. നവംബർ 3-ന് പകൽ സമയത്തും അക്രമങ്ങൾ തുടരുകയായിരുന്നു. വൈകുന്നേരത്തോടെ സൈന്യവും പ്രാദേശിക പോലീസ് യൂണിറ്റുകളും സം‌യുക്തമായി പ്രവർത്തിക്കാനാരംഭിച്ചു. ക്രമസമാധാനം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചതോടെ അക്രമങ്ങളുടെ വ്യാപ്തി കുറയുകയും പ്രശ്നങ്ങൾ നിയന്ത്രണാധീനമാവുകയും ചെയ്തു. (വിക്കി )

ഇന്ദിരാഗാന്ധിയുടെ ജ‌ന്മദിനമായ 1984 നവംബർ 19 ന് ന്യൂ ഡൽഹിയിലെ ബോട്ട് ക്ലബിൽ വെച്ച് വടന്ന ഒരു ചടങ്ങിൽ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി വിവാദകരമായ ഒരു പ്രസ്താവന നടത്തി. ഇന്ദിരാഗാന്ധിയുടെ വധത്തിൽ ജനങ്ങൾ രോഷാകുലരായിരുന്നു എന്നും ഒരു വന്മരം വീഴുമ്പോൾ ചുറ്റുമുള്ള സ്ഥലം കുലുങ്ങുന്നത് സ്വാഭാവികമാണ് എന്നുമായിരുന്നു അത്. ഈ പരാമർശം അക്രമത്തിനിരയാവരുടെ വികാരങ്ങളെ മുറിവേൽപ്പിക്കുന്നതായിരുന്നു. 1998-ൽ ഈ പരാമർശത്തിന് സോണിയാ ഗാന്ധി ഔദ്യോഗികമായി ക്ഷമ ചോദിച്ചു.

സിഖ് സമുദായം ചരിത്രത്തിലെ ഏറ്റവും വലിയ അപകടത്തെ അഭിമുഖീകരിച്ചപ്പോൾ , അവരെ സംരക്ഷിക്കാൻ ഭരണകൂടവും ക്രമ സമാധാന പാലന സംവിധാനങ്ങളും പരാജയപ്പെട്ടപ്പോൾ സഹായ ഹസ്തം നീട്ടിയ ചിലരെ വിഖ്യാത എഴുത്ത്കാരൻ ഖുശ് വന്ത് സിംഗ് 2005 ൽ ഔട്ട്‌ ലുക്ക്‌ മാഗസിനിൽ എഴുതിയ ലേഖനത്തിൽ സ്മരിക്കുന്നുണ്ട് – അടൽ ബിഹാരി വാജ്പേയി അടക്കമുള്ള ചില RSS – സംഘ പരിവാർ നേതാക്കന്മാർ , രാം ജേഥ്മലാനി, സോളി സോറാബ്ജി തുടങ്ങിയവരാണ് അവർ. ( Khushwant Singh – Outlook Magazine 22/ 08 / 2005 )

കലാപത്തിൽ സിഖ് സമുദായത്തിന് ഉണ്ടായ നഷ്ടം അചിന്തനീയവും നി:സ്സീമവുമായിരുന്നു . ഉറ്റവരുടെയും ഉടയവരുടെയും ജീവഹാനിക്ക് പുറമേ അവരുടെ വീടുകളും വ്യാപാര – വാണിജ്യസ്ഥാപനങ്ങളും മറ്റ് വസ്തു വകകളും വ്യാപകമായി നശിപ്പിക്കപ്പെട്ടിരുന്നു. കലാപം മൂലമുള്ള നാശനഷ്ടം ഇൻഷുറൻസ് പരിധിയിൽ വരില്ല എന്നു പറഞ്ഞ് ഇൻഷുറൻസ് കമ്പനിക്കാർ നഷ്ടപരിഹാരം നൽകാൻ വിസമ്മതിച്ചു!

കലാപത്തിൽ മൊത്തം പതിനായിരത്തോളം സിഖുകാർക്കു ജീവഹാനി സംഭവിച്ചിട്ടുണ്ട് എന്നാണു ഖുശ് വന്ത് സിംഗ് അഭിപ്രായപ്പെടുന്നത്. സ്ത്രീകളും പെണ്‍കുട്ടികളും കൂട്ട ബലാത്സംഗങ്ങൾക്ക് ഇരകളായി. 72 ഓളം ഗുർ ദ്വാരകൾ തീവച്ചു നശിപ്പിക്കപ്പെട്ടു. ( Khushwant Singh – Outlook Magazine 22/ 08 / 2005 )

അക്രമ സംഭവങ്ങളിൽ മരണ സംഖ്യ മുവ്വായിരത്തോളം വരുമെന്നാണ് മാധ്യമങ്ങൾ അഭിപ്രായ പ്പെടുന്നത്. ഔദ്യോഗികമായി സ്ഥിരീകരിച്ച 2733 കൊലപാതകങ്ങളിൽ 9 എണ്ണത്തിനു മാത്രമാണ് ഇതുവരെ കുറ്റം ചുമത്ത പ്പെട്ടിട്ടുള്ളത് .അതായത് 1% ത്തിൽ താഴെ മാത്രം ! (BBC news 1/ 11/ 2009 )

രണ്ട് അന്വേഷണ കമ്മീഷനുകളും ഏഴ് അന്വേഷണ സമിതികളും കലാപത്തെ കുറിച്ചന്വേഷിക്കാൻ നിയോഗിക്കപ്പെട്ടിട്ടുണ്ട് . അവയിൽ പലതും ശ്രദ്ധേയമായതും ഗുരുതരവുമായ പല നിരീക്ഷണങ്ങളും കണ്ടെത്തലുകളും നടത്തിയിട്ടുണ്ട്.

പോലീസുകാർ കലാപസമയത്ത് ഇരകളെ സഹായിക്കാതെ നിസ്സംഗരായി നിന്ന് അക്രമികൾക്ക് സഹായം ചെയ്തു എന്ന് കപൂർ-മിത്തൽ കമ്മിറ്റി കണ്ടെത്തി. ഇതിൽ മുപ്പതു പേരെ ഉടനടി തന്നെ സർവ്വീസിൽ നിന്നും പിരിച്ചുവിടാൻ കമ്മിറ്റി സർക്കാരിനോടു ശുപാർശ ചെയ്തു. ഇന്നുവരെ ശുപാർശയുടെ പേരിൽ ഒരു പോലീസുകാരനെപോലും സർക്കാർ ശിക്ഷാ നടപടിക്കു വിധേയരാക്കിയിട്ടില്ല

കോൺഗ്രസ്സ് നേതാവും, പാർലിമെന്റംഗവുമായിരുന്ന സജ്ജൻകുമാറിനെതിരേ കേസെടുക്കാൻ ജയിൻ – ബാനർജി കമ്മിറ്റി ശുപാർശ ചെയ്തിരുന്നുവെങ്കിലും, യാതൊരു കേസും ഇദ്ദേഹത്തിനെതിരേ രജിസ്റ്റർ ചെയ്യുകയുണ്ടായില്ല.

കലാപത്തിലെ ഇരകളുടെ സത്യവാങ്മൂലം അടിസ്ഥാനമാക്കി സജ്ജൻകുമാറിനെതിരേ കേസെടുക്കാൻ പോറ്റി റോഷാ കമ്മിറ്റി ശുപാർശ ചെയ്തു. സി.ബി.ഐ സജ്ജൻകുമാറിന്‍റെ വീട്ടിലെത്തിയെങ്കിലും, അദ്ദേഹത്തിന്‍റെ അനുയായികൾ സി.ബി.ഐ. സംഘത്തെ വീട്ടിനുള്ളിൽ പൂട്ടിയിടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

കോൺഗ്രസ്സ് അംഗങ്ങളായിരുന്ന, എച്.കെ.എൽ.ഭഗത്, സജ്ജൻകുമാർ, ധരംദാസ് ശാസ്ത്രി, ജഗദീഷ് ടൈറ്റ്ലർ എന്നിവർക്കെതിരേ കേസെടുക്കണമെന്ന് 1990 ൽ രൂപീകൃതമായ അഗർവാൾ കമ്മിറ്റി ശുപാർശ ചെയ്തു. പതിവുപോലെ , ശുപാർശകൾ ഒന്നും നടപ്പിലായില്ല.

1994 ൽ നറുള സമിതി സമർപ്പിച്ച റിപ്പോർട്ടിൽ എച്ച്.കെ.എൽ.ഭഗതിനെതിരേയും, സജ്ജൻകുമാറിനെതിരേയും കേസെടുക്കണമെന്ന് സമിതി ആവശ്യപ്പെട്ടിരുന്നു.

2004 ൽ നാനാവതി കമ്മീഷൻ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു . കോൺഗ്രസ്സ് നേതാക്കൾക്കും, പ്രവർത്തകർക്കും കലാപത്തിൽ നേരിട്ടുള്ള പങ്കുണ്ടെന്നായിരുന്നു കമ്മീഷന്റെ കണ്ടെത്തൽ. അതേ സമയം, കോൺഗ്രസ്സ് നേതാവായിരുന്ന രാജീവ് ഗാന്ധിക്ക് സിഖു വിരുദ്ധ കലാപത്തിൽ യാതൊരു പങ്കുമില്ലായിരുന്നുവെന്നും കമ്മീഷന്റെ റിപ്പോർട്ടിൽ പറയുന്നു. കലാപത്തിൽ അകപ്പെട്ടവരെ രക്ഷിക്കാൻ പോലീസ് വേണ്ട സഹായങ്ങൾ ചെയ്തിരുന്നില്ല എന്നും കമ്മീഷൻ കണ്ടെത്തി.

ഏറ്റവുമൊടുവിൽ , 2018 ൽ , അന്നത്തെ കേന്ദ്ര സർക്കാർ നിയമിച്ച പ്രത്യേക അന്വേഷണ സമിതി അന്വേഷിക്കാത്ത 186 കേസുകൾ അന്വേഷിക്കുന്നതിനായി സുപ്രീം കോടതി സ്വമേധയാ മൂന്നംഗങ്ങൾ അടങ്ങുന്ന പ്രത്യേകാന്വേഷണ സമിതിയെ നിയമിച്ചു.

രാജ്യത്തെ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ടവർ തന്നെ, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ബാധ്യസ്ഥരായവർ തന്നെ, രാജ്യത്തെ നീതി ന്യായ വ്യവസ്ഥയെ നോക്കു കുത്തിയാക്കി , ക്രമസമാധാനപാലന സംവിധാനത്തെ കൈയിലെടുത്ത് ദുരുപയോഗം ചെയ്ത് മൂന്നു ദിവസം കൊണ്ട് മുവ്വായിരത്തിലേറെ സിഖ് ജനതയെ കൊന്നൊടുക്കുകയും സ്ഥാവര ജംഗമ സ്വത്തു വകകൾ തല്ലിതകർക്കുകയും കത്തിച്ചു ചാമ്പലക്കുകയും സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്ത് മാനഭംഗപ്പെടുത്തുകയും അതിക്രമം കാണിക്കുകയും ചെയ്ത സിഖ് വംശഹത്യ ഭാരതത്തിന്റെ ചരിത്രത്തിലെ ഏറ്റവും കറുത്ത അദ്ധ്യായമാണ്‌ , അതുപോലെ കോണ്ഗ്രസ് പാർട്ടിയുടെയും . ഇന്ന് സഹിഷ്ണുതയുടെ അപ്പോസ്തല മേലങ്കി സ്വയം എടുത്തണിയുന്ന കോൺഗ്രസ് കാർക്ക് നേരേ , അവരുടെ അതിക്രമത്തിനു മുൻപിൽ നിസ്സഹായരായി എരിഞ്ഞടങ്ങേണ്ടിവന്ന സർദാർ മാരുടെയും , പിന്നെ അവർ പിച്ചി ചീന്തിയ സർദാരിണിമാരുടെയും ആത്മാക്കൾ പുച്ഛത്തോടെ നോക്കുന്നുണ്ടായിരിക്കും.

—————————————————————————————————————————————————————————————–

അവലംബം :

1. Twenty Years of Impunity, The November 1984 Pogroms of Sikhs in India : : Jaskaran Kaur
2. I Accuse …. The Anti Sikh Violence of 1984 : Jarnail Singh
3. BBC News , CNN – IBN , Outlook Magazine, Indian Express തുടങ്ങിയ ദേശീയ – അന്തർ ദേശീയ മാദ്ധ്യമങ്ങൾ
4 . വിക്കി , ഇന്റർനെറ്റ്