Thursday, April 25, 2024
spot_img

അയ്യപ്പന് പിന്നാലെ തിരുവാഭരണങ്ങളും കോടതിയിലേക്ക് …ഉത്തരവാദിയാര് ?

രഞ്ജിത്ത് ഗോപാലകൃഷ്ണൻ

അയ്യപ്പസ്വാമിയുടെ തിരുവാഭരണ’ത്തിന്റ്റെ ഉടമസ്ഥാവകാശമാണല്ലോ പുതിയ തർക്കവിഷയം. ഇന്നിപ്പോൾ, അയ്യപ്പസ്വാമിയുടെ തിരുവാഭരണങ്ങൾ ദേവസ്വം ബോർഡ് തന്നെ സൂക്ഷിച്ചാൽ എന്താണ് കുഴപ്പം എന്ന് ചോദിച്ചിടത്ത് എത്തിനിൽക്കുകയാണ് പന്തളം കൊട്ടാരത്തിലെ കുഴപ്പം..!!!

കാരണം ഈ വിഷയം കോടതിയിലേക്ക് ചെല്ലാനിടയാക്കിയ സാഹചര്യം തന്നെ. അതവവിടെ നിൽക്കുമ്പോൾ തന്നെ വേറൊരു ചോദ്യം കൂടി ഉണ്ട്. ഈ ദേവസ്വം ബോർഡ് എന്ന ഏർപ്പാട് തന്നെ സർക്കാരിന്റെ കീഴിൽ വേണോയെന്ന് മറ്റൊരു വ്യവഹാരം കോടതിയിൽ അടുത്ത് കാലത്തായി നടക്കുകയാണ്.. അതേ കാലത്താണ് ഈ കേസ് പരിഗണിക്കുന്ന ജഡ്ജിയുടെ ഈ ചോദ്യം എന്നതും രസകരമല്ലേ !.

എന്തായാലും, “തിരുവാഭരണം” അയ്യപ്പന് അണിയാനുള്ളത് തന്നെയാണ്. അതിലിതുവരെ തർക്കം വന്നിട്ടില്ല എന്നത് മാത്രമാണ് ആശ്വാസം. ആ ആശ്വാസത്തിൽ പറയട്ടെ, അയ്യപ്പന് അണിയാനുള്ളത് എന്നേയുള്ളൂ, അതിനാൽ അത് അയ്യപ്പന്റെ തദ്വാരാ ദേവസ്വം ബോർഡിന്റ്റെ ആകണമെന്ന് പറയുന്നതിനോട് യോജിപ്പില്ല. തിരുവാഭരണം സൂക്ഷിക്കുക എന്ന “ജോലി” അയ്യപ്പ സ്വാമിയുടെ പിതാവിന്റെ കുടുംബത്തിന്റെ ഉത്തരവാദിത്വവും, അവകാശവുമാണ്.

അതിൽ തന്നെ ഇപ്പോഴത്തെ കുടുബാംഗങ്ങൾക്കിടയിൽ ആരു സൂക്ഷിക്കണമെന്ന തർക്കമുണ്ടായാൽ, നിങ്ങളാരും സൂക്ഷിക്കേണ്ട, ദേവസ്വം ബോർഡ് സൂക്ഷിച്ചോളും എന്ന് ജഡ്ജി പറയുന്നത് അംഗീകരിക്കാനാവില്ല.

കാരണം സുവ്യക്തമാണ്. പൗരാണിക ദേവതയായ ശബരിമല ധർമ്മശാസ്താവിൽ വിലയം പ്രാപിച്ച ചരിത്ര പുരുഷനായ, അതേസമയം ഈശ്വരാവതാരമായ കലിയുഗവരദൻ അയ്യപ്പ സ്വാമി നമുക്കറിയുന്ന ചരിത്രം അനുസരിച്ച് പന്തളത്തു രാജാവിന്റ്റെ പുത്രനാണ്.

തന്റ്റെ അവതാരലക്ഷ്യം പൂർത്തീകരിച്ച ശേഷം, നാടും, സിംഹാസനവും ഉപേക്ഷിച്ച്, ശ്രീരാമ പാദം പതിഞ്ഞ ദിവ്യമായ ശബരിമലയിൽ തപസ്സനുഷ്ഠിക്കാൻ തീരുമാനിച്ച നിത്യ ബ്രഹ്മചാരിയായ, സർവ്വസംഗപരിത്യാഗിയായ
അയ്യപ്പനെന്ന മകനെ വർഷത്തിൽ ഒരു ദിവസം നേരിൽ കാണാനുള്ള അനുഗ്രഹമാണ് പിതാവ് തേടിയത്.

അതനുസരിച്ച്, പുണ്യദിനമായ മകരസംക്രമ ദിനത്തിൽ ദക്ഷിണായനം പൂർവ്വായനത്തിലേക്ക് പ്രവേശിക്കുന്ന ദിവ്യ മുഹൂർത്തത്തിൽ ഭഗവാൻ പിതാവിന്റെ അഭീഷ്ഠമനുസരിച്ച്, ദിവ്യതേജസ്സോടെ ഭക്തർക്ക് ദർശനം നൽകാമെന്നേറ്റു. രാജകുമാരനായിരുന്ന തന്റ്റെ മകനെ കാനനമധ്യത്തിൽ കാട്ടുജാതിക്കാരനായ വേടനെപ്പോലെ കാണാനിഷ്ഠപ്പെടാത്ത പിതാവ് ആ ദിവ്യമുഹൂർത്തത്തിൽ മകനെ സകല പ്രൗഡിയോടെയും കാണാനാഗ്രഹിച്ചു.

അയ്യപ്പനാകട്ടെ കാനനത്തിനുള്ളിൽ തപസ്സനുഷ്ഠിക്കുന്നതിനിടയിൽ വർഷത്തിൽ ഒരു ദിവസം പന്തളം രാജാവായ അച്ഛൻ കാണാൻ വരുമ്പോൾ അച്ഛന്റെ സന്തോഷത്തിന് വേണ്ടി സർവ്വാഭരണ ഭൂഷിതനായി ഇരിക്കാമെന്നുമേറ്റു. പക്ഷേ, അതിനുള്ള ആഭരണങ്ങൾ ഒന്നും കാനനവാസിയായ മകനില്ല എന്നറിയുന്ന പിതാവ് തന്നെ പ്രത്യേകമായി മകന് വേണ്ടി തയ്യാറാക്കിയ ആഭരണശേഖരമാണ് “തിരുവാഭരണ”ങ്ങൾ. ആ ദിവസത്തെ ഉപയോഗം കഴിഞ്ഞ് സ്വാമി തപസ്സിലേക്ക് മടങ്ങുമ്പോൾ ദുഃഖത്തോടെ ആടയാഭരണങ്ങളെല്ലാമായി പിതാവ് നാട്ടിലേക്ക് മടങ്ങുകയാണ് പതിവ്. കാലങ്ങളായി തുടരുന്ന വ്യവസ്ഥയും, ആചാരവുമാണിത്.

അത്, അയ്യപ്പന് വേണ്ടി മാത്രം പിതാവ് നിർമ്മിച്ചതാണ്. പക്ഷേ ആ ഒരു ദിവസത്തെ ഉപയോഗം കഴിഞ്ഞ് തിരികെ പിതാവിന്റെ തറവാട്ടിൽ കൊണ്ട് സൂക്ഷിക്കുക എന്നതാണ് ഉചിതം. അതാണ് വേണ്ടതും.

പക്ഷേ, അയ്യപ്പനെ കച്ചവടച്ചരക്കാക്കിയവരുടെ ഭരണവും, തമ്മിൽ തല്ലുന്ന രാജകുടുംബങ്ങളും കൂടി കോടതിയിൽ എത്തിച്ച ഈ തർക്കം കോടിക്കണക്കിനു ഭക്തജനങ്ങളുടെ വികാരങ്ങളെയാണ് ഇന്ന് വീണ്ടും ആഴത്തിൽ മുറിവേൽപ്പിക്കുന്നത് എന്ന് പറയാതെ വയ്യ..

Related Articles

Latest Articles